Join News @ Iritty Whats App Group

സിദ്ധാർത്ഥന്റേത് കൊലപാതകമാകാനും സാധ്യത, രാത്രി പരസ്യവിചാരണയും ക്രൂരമർദനവും; റിമാൻഡ് റിപ്പോർട്ട്

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ കൊലപാതക സാധ്യത തള്ളാതെ പോലീസിന്റെ് റിപ്പോര്‍ട്ട്‌. വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സിദ്ധാർത്ഥനെ പരസ്യമായി വിചാരണ നടത്തിയിരുന്നു. പിന്നീട് വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാർഥനെ തിരിച്ച് വിളിച്ചുവരുത്തുകയായിരുന്നു. കാര്യങ്ങൾ ഒത്തുതീർപ്പാക്കാം എന്ന് പറഞ്ഞാണ് ഫോണിൽ വിളിച്ചത്. ഹോസ്റ്റലിലെ അലിഖിത നിയമം അനുസരിച്ച് ഒത്തുതീർപ്പാക്കാം എന്നാണ് പറഞ്ഞത്. തിരിച്ചെത്തിയ സിദ്ധാർത്ഥനെ ഹോസ്റ്റൽ മുറിയിൽ നിന്ന് എങ്ങും പോകാൻ അനുവദിച്ചില്ല.

ഫെബ്രുവരി 16ാം തീയതി സിദ്ധാർത്ഥനെ തടങ്കലിൽ പാർപ്പിച്ചു. രാത്രിയോടെ ക്രൂരമായി മർദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റ് കൊണ്ടും കേബിൾ വയർ കൊണ്ടും കൈകൊണ്ടും കാലുകൊണ്ടും അതിക്രൂരമായി മർദ്ദിച്ചു. 16ാം തീയതി രാത്രി ഒമ്പത് മണിക്ക് ആരംഭിച്ച മർദ്ദനം 17ാം തീയതി പുലർച്ചെ രണ്ട് മണി വരെ നീണ്ടു. പൊതു മധ്യത്തിൽ പരസ്യ വിചാരണ നടത്തുകയും അപമാനിക്കുകയും ചെയ്തതിനെ തുടർന്ന് മരണമല്ലാതെ മറ്റൊരു മാർഗമില്ലാത്ത സാഹചര്യത്തിലേക്ക് സിദ്ധാർത്ഥനെ പ്രതികൾ എത്തിച്ചു. 18ാം തീയതി ഉച്ചയോടെ സിദ്ധാർത്ഥൻ തൂങ്ങിമരിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൊലപാതക സാധ്യത അന്വേഷിക്കുമെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേ സമയം ഡീൻ ഇടയ്ക്കിടെ ഹോസ്റ്റലിൽ പരിശോധന നടത്താൻ ഉത്തരവാദിത്തമുള്ളയാളാണെന്ന് വെറ്ററിനറി സർവകലാശാലയിൽ പുതുതായി ചുമതലയേറ്റ വിസി പി.സി.ശശീന്ദ്രൻ ചൂണ്ടിക്കാട്ടി. ഹോസ്റ്റലിലെ വിദ്യാർഥികളുമായി മാസം തോറും യോഗം നടത്തണം. ഇക്കാര്യം ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കും. സിദ്ധാർഥന് മർദനമേൽക്കുമ്പോൾ പ്രതികരിക്കാതിരുന്ന കുറ്റക്കാരാണെന്ന് വിസി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group