Join News @ Iritty Whats App Group

ബൈക്കില്‍ ലിഫ്റ്റ് കൊടുത്തു, പിന്നാലെ തോട്ടില്‍ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തി, അനുവിന്‍റേത് ക്രൂരകൊലപാതകം



കോഴിക്കോട്: കോഴിക്കോട് നൊച്ചാട് , യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. മലപ്പുറം സ്വദേശിയാണ് കൊല നടത്തിയതെന്നും പൊലീസ്. നേരത്തെ ബലാത്സംഗ കേസിൽ പ്രതിയാണ് ഇയാൾ. മോഷ്ടിച്ച ബൈക്കിലാണ് പ്രതി എത്തിയത്. തുടര്‍ന്ന് ഇയാള്‍ ബൈക്കില്‍ അനുവിന് ലിഫ്റ്റ് കൊടുത്തു. തുടര്‍ന്ന് വഴിയില്‍ വെച്ച് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടി താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നു.

ഇത് പ്രതിയുടെ സ്ഥിരം കവർച്ചാരീതിയെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി മലപ്പുറത്തെ വീട്ടിൽ വെച്ചാണ് ഇയാൾ പിടിയിലായത്. സമീപത്തുള്ള സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞതോടെയാണ് പൊലീസ്, ഇയാളെ കസ്റ്റഡിയിലെടുത്തത്. അനുവിന്‍റെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തില്‍ നേരത്തെ പൊലീസ് എത്തിച്ചേര്‍ന്നിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ഒരു ചുവന്ന ബൈക്കില്‍ എത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സിസിടിവി ക്യാമറയില്‍ ഇയാളെ കണ്ടെത്തിയത്.പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം പേര് വിവരങ്ങളും മറ്റു വിശദാംശങ്ങളും പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു.

തിങ്കളാഴ്ചയാണ് വാളൂര്‍ സ്വദേശിയായ അനുവിനെ കാണാതാകുന്നത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അനുവിന്‍റെ വിവരങ്ങളൊന്നും പിന്നീട് ലഭിക്കാതാകുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള നൊച്ചാട് തോട്ടില്‍ അനുവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുട്ടൊപ്പം വെള്ളം മാത്രമുള്ള തോട്ടില്‍ മുങ്ങിമരിക്കില്ലെന്നത് ഉറപ്പായതോടെയാണ് കൊലപാതകമാകാമെന്ന സംശയം ശക്തമായത്. അനുവിന്‍റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. വസ്ത്രത്തിന്‍റെ ചില ഭാഗങ്ങളും മൃതദേഹത്തിലുണ്ടായിരുന്നില്ല. ഇതെല്ലാം സംശയം ജനിപ്പിക്കുന്നതായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group