പാലക്കാട്: പാലക്കാട് എക്സൈസ് ഓഫീസിലെ ലോക്കപ്പിനുള്ളില്‍ പ്രതി തൂങ്ങിമരിച്ച സംഭവത്തില്‍ പരാതിയുമായി മരിച്ച ഷോജോ ജോണിന്‍റെ ഭാര്യ ജ്യോതി. ഷോജോ ആത്മഹത്യം ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഇവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'ഇന്നലെ വൈകീട്ട് പുള്ളി വീട്ടില്‍ വരുന്നത് അഞ്ച് മണിയാകുമ്പോഴാണ്. അപ്പോള്‍ നാലഞ്ച് പേര്‍ വീട്ടില്‍ വന്നു. പുള്ളി വന്നതിന് പിന്നാലെ തന്നെയാണ് വന്നത്. അവര്‍ പുള്ളിയെ വിളിച്ചുകൊണ്ടുപോയി സംസാരിച്ചു. അത് കഴിഞ്ഞ് ഒരു നീല ബാഗിന്‍റെ കാര്യം പറഞ്ഞു. പിന്നെ വീട് മുഴുവൻ തിരഞ്ഞു. അവിടെ നിന്ന് ഒന്നും കിട്ടിയില്ല. അവസാനം ഒരു ബാഗില്‍ നിന്ന് ഇവര്‍ രണ്ട് കിലോ ലഹരി മരുന്ന് എടുക്കുന്നത് കണ്ടു...
...വീട്ടില്‍ നിന്ന് കിട്ടിയതിനാല്‍ തന്നെ എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു. കുട്ടിയും കൂടിയുള്ളതുകൊണ്ട് ഞങ്ങളെ മാറ്റിനിര്‍ത്തി ഹാളില്‍ വച്ചാണ് അവര്‍ ചോദ്യം ചെയ്തത്. വൈകീട്ട് ഏഴര മണിയോടെയാണ് അതൊക്കെ കഴിഞ്ഞത്...
...ഇതിന് മുമ്പ് ഇങ്ങനെയൊരു കേസിലും പെട്ടിട്ടില്ല. ആദ്യമായിട്ടാണ് ഇങ്ങനെ. തെറ്റ് ഞാൻ ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തെറ്റ് ചെയ്തിട്ടില്ല എന്നൊന്നും പറഞ്ഞിട്ടില്ല. ഭാര്യക്കോ കുടുംബത്തിനോ ഇതില്‍ പങ്കില്ല എന്നും പറയുന്നുണ്ടായിരുന്നു...
...രാവിലെ ഏഴ് മണിക്ക് വിളിച്ചാണ് ആത്മഹത്യ ചെയ്തു എന്ന് അറിയിക്കുന്നത്. ആത്മഹത്യ ചെയ്തതാണെങ്കില്‍ അത് എക്സൈസ് ഓഫീസില്‍ നിന്നാണെന്ന് പറയുമ്പോള്‍ അവിടെ ആരെങ്കിലും കാണില്ലേ, ആത്മഹത്യ ചെയ്യാൻ പറ്റുന്ന ഒരവസ്ഥ ആയിരിക്കില്ലല്ലോ. സാധാരണ ഓഫീസുകളില്‍ അങ്ങനെയല്ലേ. ജയിലിലാണെങ്കിലും ആളുണ്ടാകില്ലേ. അതുകൊണ്ട് ആത്മഹത്യ ചെയ്യില്ലെന്ന് തന്നെയാണ് പറയുന്നത്...
...തല്ലിയപ്പോള്‍.... സാധാരണഗതിയില്‍ ഇങ്ങനെയൊരു അവസ്ഥയില്‍ ടെൻഷനുണ്ടാകും. എന്താണ് സംഭവിച്ചത് എന്നറിയില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരേണ്ടിവരും. ഇവര്‍ എന്തെങ്കിലും ചെയ്തത് തന്നെയാണ്. അല്ലെങ്കില്‍ ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് എന്ത് സംഭവിക്കാനാണ്. അങ്ങനെ ആത്മഹത്യ ചെയ്യണമെങ്കില്‍ എന്തോരം പ്രതികള്‍ അവിടെ പോകുന്നതാണ്...'- ജ്യോതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് പാലക്കാട് എക്സൈസ് ഓഫീസിലെ ലോക്കപ്പിനുള്ളില്‍ ഇടുക്കി സ്വദേശിയായ ഷോജോ ജോണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഷോജോ ഡ്രൈവറാണ്. നാട്ടില്‍ ജോലി കുറവായതിനാല്‍ തമിഴ്നാട്ടില്‍ ധാരാളമായി ഓട്ടത്തിന് പോകാറുണ്ടെന്ന് ഭാര്യ പറയുന്നു. അമ്പത്തിയഞ്ചുകാരനായ ഷോജോയ്ക്ക് മൂന്ന് മക്കളുമുണ്ട്.
Post a Comment