തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മെഡിക്കൽ കോളേജ് സീനിയർ റെസിഡന്റ് ഡോക്ടർ അഭിരാമിയുടെ മരണത്തിൽ അസ്വാഭാവികത സംശയിക്കുന്നില്ലെന്ന് ബന്ധുക്കൾ. ജോലി സ്ഥലത്തും വീട്ടിലും മറ്റ് പ്രശ്നങ്ങളൊന്നും ഉള്ളതായി അറിവില്ലെന്നും ബന്ധുവായ ശോഭൻകുമാർ പറഞ്ഞു. മരണകാരണം അറിയണമെന്നും എന്നാൽ സംഭവത്തിൽ മറ്റ് പരാതികളൊന്നും ഇല്ലെന്നും ഇദ്ദേഹം വ്യക്തമാക്കി. ഇന്നലെ ഉച്ചക്ക് അഭിരാമി അച്ഛനുമായി സംസാരിച്ചിരുന്നുവെന്നും ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നുവെന്നും പറഞ്ഞിരുന്നതായും ബന്ധു വെളിപ്പെടുത്തി.
ഇന്നലെയാണ് മെഡിക്കൽ കോളേജിന് സമീപത്തെ പിടി ചാക്കോ നഗറിലെ വാടക വീട്ടിൽ അഭിരാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ നിന്നും ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. ജീവിതം മടുത്തത് കൊണ്ട് പോകുന്നു എന്നും മരണത്തിൽ മറ്റാരും ഉത്തരവാദികളല്ല എന്നുമാണ് ആത്മഹത്യക്കുറിപ്പിലുണ്ടായിരുന്നത്. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് അഭിരാമിയുടെ മരണകാരണമെന്ന് പ്രാഥമിക നിഗമനം.
ഇന്നലെ അഭിരാമിയെ ഫോണിൽ വിളിച്ച് കിട്ടാതെ വന്നതോടെ അമ്മ രമാദേവി വീട്ടുടമയെ അറിയിക്കുകയായിരുന്നു. വീട്ടുടമയും ഭാര്യയും വാതിലിൽ മുട്ടി വിളിച്ചെങ്കിലും തുറക്കാതിരുന്നതോടെ പിൻഭാഗത്തെ ജനൽചില്ലുകൾ തകർത്തപ്പോഴാണ് ബോധരഹിതയായി അഭിരാമി റൂമിൽ കിടക്കുന്നത് കണ്ടത്. വാതിൽ ചവിട്ടിപ്പൊളിച്ച് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി മെഡിക്കൽ കോളജിന് സമീപത്തെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു അഭിരാമി. അഭിരാമിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. പൊതുദർശനത്തിനായി മൃതദേഹം മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോകും.
Post a Comment