Join News @ Iritty Whats App Group

ക്രിസ്ത്യന്‍ സമുദായത്തിനെതിരെ സംഘപരിവാര്‍ ആക്രമണങ്ങള്‍ നിത്യസംഭവമായി; ആദിവാസികളെ ഭിന്നിപ്പിക്കുന്നു; ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍


സംഘപരിവാരം ക്രിസ്ത്യന്‍ മതവിശ്വാസികളോട് ചെയ്ത കുടിലതയുടെ ചരിത്രം മണിപ്പൂര്‍ വരെ എത്തിനില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിസ്ത്യന്‍ സമുദായത്തിനെതിരെ സംഘപരിവാര്‍ ആക്രമണങ്ങള്‍ നിത്യസംഭവമായി ഇന്ന് ഇന്ത്യയില്‍ മാറിയിരിക്കുന്നു. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യുസിഎഫ്) ഈ വര്‍ഷം സെപ്തംബറില്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 2023ലെ ആദ്യ എട്ട് മാസങ്ങളില്‍ മാത്രം ഇന്ത്യയില്‍ 525 ആക്രമണങ്ങളാണ് ക്രിസ്ത്യാനികള്‍ക്കെതിരെ നടന്നത്. എണ്ണത്തില്‍ 2022ലും അതിനുമുമ്പ് 2021ലും ഉണ്ടായ ആക്രമണങ്ങളെ മറികടക്കുന്ന സ്ഥിതിയാണ് കാണുന്നത്. 2012 നും 2022 നും ഇടയിലുള്ള 11 വര്‍ഷത്തിനിടെ അക്രമങ്ങളുടെ എണ്ണം നാലിരട്ടിയായി ഉയര്‍ന്നു. 2016ല്‍ – 247 അക്രമ സംഭവങ്ങള്‍ ആയിരുന്നെങ്കില്‍ 2021 ല്‍ അത് 505 ആയും 2022 ല്‍ 599 ആയും ഉയര്‍ന്നു.

യുസിഎഫ് പുറത്തുവിട്ട ഡാറ്റയില്‍ മണിപ്പൂര്‍ ഉള്‍പ്പെട്ടിട്ടില്ല. മണിപ്പൂര്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ഈ സംഖ്യ വളരെ വലുതായിരിക്കും. മണിപ്പൂര്‍ കലാപത്തിനിടെ ആര്‍എസ്എസ് അനുകൂല സംഘടനകളായ ആരംബായ് തെംഗോല്‍, മെയ്തീ ലീപുണ്‍ എന്നീ സായുധ സംഘങ്ങളുടെ നേതൃത്വത്തില്‍ ക്രൂരമായ ക്രിസ്ത്യന്‍ വേട്ടയാണ് നടന്നത്. ഗോത്രവിഭാഗമായ കുക്കികളുടെ ദേവാലയങ്ങള്‍ നിരന്തരമായി തകര്‍ക്കപ്പെട്ടു. സംഘപരിവാറിന്റെ ഹൈന്ദവ ദേശീയതയുടെ മറ്റൊരു പതിപ്പാണ് മണിപ്പൂരില്‍ കണ്ടത്.

നൂറുകണക്കിന് പള്ളികള്‍ മണിപ്പൂരില്‍ നശിപ്പിക്കപ്പെട്ടു. നശിപ്പിക്കപ്പെട്ട ആരാധനാലയങ്ങളുടെ എണ്ണം 642 ആണെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരു ഹര്‍ജിയില്‍ പറയുന്നു. ജൂണില്‍ ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞത് വെറും 36 മണിക്കൂറിനുള്ളില്‍ 249 പള്ളികള്‍ നശിപ്പിക്കപ്പെട്ടു എന്നാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 180ല്‍ അധികം പേര്‍ കൊല ചെയ്യപ്പെടുകയും 300ല്‍ അധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. വീടുപേക്ഷിക്കേണ്ടി വന്നത് 55,000ത്തോളം ആളുകള്‍ക്കാണ്. മണിപ്പൂരില്‍ നടന്ന ഈ നരനായാട്ടില്‍ അവിടത്തെ ബിജെപി ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വവും കൃത്യവിലോപവും തുറന്നു കാണിച്ച റിപ്പോര്‍ട്ടിന്റെ പേരില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യക്കെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ആരോപിച്ച് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുകയാണുണ്ടായത്.

ആക്രമണങ്ങള്‍ വര്‍ദ്ധിച്ചത് 2014 മുതല്‍

2014ന് ശേഷം ക്രിസ്ത്യന്‍ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വളരെയധികം വര്‍ദ്ധിച്ചതായി ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അതുപോലെ 2015ല്‍ മത പ്രചരണത്തിനിടെ കമ്യൂണിറ്റി അംഗങ്ങള്‍ക്കു നേരെ 365 ഗൗരവപ്പെട്ട ആക്രമണങ്ങളാണ് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളത് എന്ന് കാത്തലിക് സെക്യുലര്‍ ഫോറം (സിഎസ്എഫ്) പുറത്തിറക്കിയ സമാനമായ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യതലസ്ഥാനത്ത് മാത്രം നിരവധി അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആറ് പള്ളികള്‍ക്കും ഒരു ക്രിസ്ത്യന്‍ സ്‌കൂളിനും നേരെയാണ് 2015ല്‍ ഡല്‍ഹിയില്‍ ആക്രമണം നടന്നത്.

1990കളോടു കൂടിയാണ് ഇന്ത്യയില്‍ ക്രിസ്ത്യന്‍ സമുദായത്തിനു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചത്. അതേ കാലഘട്ടത്തില്‍ തന്നെയാണ് സംഘപരിവാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുന്‍പൊരിക്കലുമില്ലാത്ത വിധമുള്ള ശക്തിയിലേയ്ക്ക് കുതിച്ചതും. വര്‍ഗീയമായി ഇന്ത്യയെ വിഭജിച്ച് ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമാക്കി നിലനിര്‍ത്തുക എന്ന നയം കൂടുതല്‍ മൃഗീയമായി നടപ്പാക്കിത്തുടങ്ങിയ ഘട്ടമാണിത്. ഒറ്റയും തെറ്റയുമായി നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കു പുറമേ അനവധി വലിയ കലാപങ്ങളും ക്രിസ്ത്യാനികള്‍ക്കു നേരെ അരങ്ങേറി.

അക്കൂട്ടത്തില്‍ ഒരിക്കലും മറക്കാനാവാത്ത ക്രൂരതയാണ് ഓസ്‌ട്രേലിയന്‍ മിഷണറിയായിരുന്ന ഗ്രഹാം സ്റ്റെയിന്‍സിനും ബാല്യം വിട്ടുമാറാത്ത അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാര്‍ക്കും നേരെ 1999ല്‍ ഒഡീഷയില്‍ നടന്നത്. തന്റെ വാഹനത്തില്‍ കിടന്നുറങ്ങുമ്പോള്‍ ഗ്രഹാംസ്റ്റെയിന്‍സിനെയും മക്കളെയും ബജ്‌റംഗ് ദള്‍ ബന്ധമുള്ള ഒരു സംഘം തീകൊളുത്തി കൊല്ലുകയായിരുന്നു.

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുന്നു എന്ന കുറ്റമാരോപിച്ചായിരുന്നു സ്വന്തം രാജ്യത്തെക്കാളേറെ ഇന്ത്യയെ സ്‌നേഹിച്ച് നീണ്ട 35 വര്‍ഷക്കാലം ഒറീസയിലെ നിര്‍ധനരായ കുഷ്ഠരോഗികള്‍ക്കായി ജീവിതം മാറ്റിവെച്ച സ്റ്റെയിന്‍സിനെ ബജ്‌റംഗ്ദള്‍ സംഘം കൊന്നുകളഞ്ഞത്. കൊലപാതകം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് വധ്വാ കമ്മീഷന്‍ സ്റ്റെയ്ന്‍സ് ഒരു തരത്തിലുള്ള മത പരിവര്‍ത്തന പ്രക്രിയയിലും പങ്കാളിയായിരുന്നില്ല എന്നാണ് കണ്ടെത്തിയത്.

2008ല്‍ ഒഡീഷയിലെ കാണ്ഡമാലില്‍ ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ സംഘടിതമായ കലാപം തന്നെ സംഘപരിവാര്‍ അഴിച്ചു വിട്ടു. പല ക്രിസ്ത്യന്‍ സ്ഥാപനങ്ങളും, വീടുകളും അഗ്‌നിക്കിരയാക്കപ്പെട്ടു. 60,000ത്തിലധികം ആളുകള്‍ ഭവനരഹിതരാക്കപ്പെട്ടു. 395 പള്ളികളും 5,600ലധികം വീടുകളും അഗ്‌നിക്കിരയാക്കപ്പെട്ടു. 600ലധികം ഗ്രാമങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 39 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും മരണ സംഖ്യ 500ല്‍ അധികമാണെന്ന് പിന്നീട് നടന്ന ചില പഠനങ്ങള്‍ പറയുന്നു.

കന്യാസ്ത്രീകള്‍ കൂട്ടബലാത്സംഗം ചെയ്യപ്പെടുന്ന സന്ദര്‍ഭങ്ങള്‍ വരെയുണ്ടായി. ജനക്കൂട്ടം കന്യാസ്ത്രീയെ തെരുവില്‍ അക്രമിച്ചപ്പോള്‍ സംഭവസ്ഥലത്ത് നിസ്സംഗരായി നോക്കിനിന്ന പൊലീസിന്റെ സമീപനം ഏറെ ഞെട്ടലോടെയാണ് രാജ്യം കണ്ടത്. അന്ന് കാന്ധമാലിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസുകളിലാണ് കന്യാസ്ത്രീകളും വൈദികരും ഉള്‍പ്പെടെ അഭയം തേടിയിരുന്നത്.

2008 സെപ്തംബര്‍ 14ന് മംഗലാപുരം, ഉഡുപ്പി, ചിക്കമംഗളൂരു എന്നിവയുള്‍പ്പെടെ കര്‍ണാടകത്തിലെ വിവിധ ജില്ലകളിലായി 20ഓളം പള്ളികള്‍ തകര്‍ക്കപ്പെട്ടു. ഇതേ ആക്രമണത്തിന്റെ തുടര്‍ച്ചയായി തമിഴ്‌നാട്ടില്‍ പള്ളികള്‍ അക്രമിക്കപ്പെട്ടു, കൃഷ്ണഗിരിയില്‍ മാതാവ് മേരിയുടെ പ്രതിമ മോഷ്ടിച്ചു; മധുരയില്‍ യേശുവിന്റെ വിഗ്രഹം തകര്‍ത്തു.

രണ്ടാം മോദി സര്‍ക്കാരിന്‍കീഴില്‍ അക്രമങ്ങള്‍ ശക്തിപ്പെട്ടു

നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വന്നശേഷം ഈ പ്രവണത കൂടുതല്‍ ശക്തമാവുകയും രാജ്യത്ത് ക്രിസ്തുമത വിശ്വാസികളും ആരാധനാലയങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുന്ന സ്ഥിതി സംജാതമാവുകയും ചെയ്തു. യുപി, മധ്യപ്രദേശ്, കര്‍ണാടകം, ഹരിയാന, ഒഡിഷ, ഛത്തീസ്ഗഢ്, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് കൂടുതല്‍ ആക്രമണങ്ങള്‍ നടന്നത്. പള്ളികള്‍ക്ക് തീയിടല്‍, ബലപ്രയോഗത്തിലൂടെ ക്രിസ്തുമത വിശ്വാസികളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്നിങ്ങനെ അതിക്രമം നീളുന്നു.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നില്ല. ഇന്ത്യയില്‍ കലാപങ്ങള്‍ കുറഞ്ഞുവെന്നും സമീപ വര്‍ഷങ്ങളില്‍ സ്ഥിതി കൂടുതല്‍ സമാധാനപരമാണെന്നും എന്‍സിആര്‍ബി ഡാറ്റ കള്ളം പറയുന്ന സ്ഥിതിയാണിപ്പോള്‍ കാണുന്നത്.

ഉത്തര്‍പ്രദേശിലെ അക്രമ സംഭവങ്ങളുടെ എണ്ണം കുത്തനെ വര്‍ദ്ധിച്ചു – 2014ലെ 18ല്‍ നിന്ന് 2017ല്‍ 50 ആയി. ഹരിയാന, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെല്ലാം ആക്രമണങ്ങള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചു. മിക്കപ്പോഴും, കുറ്റവാളികളെ വെറുതെ വിടുകയും അക്രമത്തിന് ഇരയായവര്‍ക്കെതിരെ തന്നെ എഫ്ഐആറുകള്‍ ഫയല്‍ ചെയ്യുകയും ചെയ്യുന്ന വിരോധാഭാസമാണ് നടക്കുന്നത്.

2021 ല്‍ മാത്രം ക്രിസ്ത്യാനികള്‍ക്കെതിരായ 505 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.ഇതില്‍ ഏറിയ പങ്കും കര്‍ണാടകം, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ 2021 ഒക്ടോബര്‍ മൂന്നിന് നിയമവിരുദ്ധമായി മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് എത്തിയ പെന്തക്കോസ്ത് സുവിശേഷകയായ പ്രിയോ സാധന പോട്ടറെയും കൂടെയുള്ളവരെയും 250ഓളം വരുന്ന ജനക്കൂട്ടം മര്‍ദ്ദിച്ചു. പ്രാര്‍ത്ഥനാലയം തകര്‍ത്തു.

2021 ഒക്ടോബര്‍ 10ന് ഉത്തര്‍പ്രദേശിലെ മൗ ജില്ലയില്‍ പ്രാര്‍ഥന നടത്തുന്നതിനിടെ ഹിന്ദുവാഹിനി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. എന്നാല്‍ പാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മതപരിവര്‍ത്തനത്തിന് പൊലീസ് കേസെടുക്കുകയാണുണ്ടായത്. സംഘപരിവാര്‍ ആക്രമണങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ക്രിസ്ത്യാനികള്‍ പ്രാര്‍ഥനായോഗങ്ങള്‍ ഒഴിവാക്കണമെന്നാണ് കര്‍ണാടക പൊലീസ് ക്രിസ്ത്യന്‍ മത വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയത്. 2021 നവംബര്‍ 21ന് ബെലഗവിയിലെ ക്രിസ്ത്യന്‍ സമുദായ അംഗങ്ങളോടായിരുന്നു പൊലീസിന്റെ മുന്നറിയിപ്പ്.

മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ഒരു കത്തോലിക്കാ സ്‌കൂളിലെ ഹിന്ദു വിദ്യാര്‍ത്ഥികളെ ക്രിസ്ത്യാനികളാക്കി മാറ്റുന്നുവെന്ന് ആരോപിച്ച് യൂട്യൂബില്‍ വീഡിയോ പ്രചരിച്ചതിന് പിന്നാലെ 2021 ഡിസംബര്‍ 6 ന് 300ഓളം വരുന്ന ആള്‍ക്കൂട്ടം സ്‌കൂള്‍ തകര്‍ത്തു.

2021 ഡിസംബര്‍ പന്ത്രണ്ടിനായിരുന്നു ഹിന്ദുത്വ ഗ്രൂപ്പുകളിലെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങള്‍ക്ക് തീയിട്ടു നശിപ്പിച്ചത്. എന്‍.ഡി.ടി.വി.യുടെ റിപ്പോര്‍ട്ട് അനുസരിച്ച്, 2021 ല്‍ കര്‍ണാടകത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ 38-ാമത്തെ ആക്രമണമായിരുന്നു ഇത്. ഉത്തര്‍പ്രദേശ്, ഹരിയാന, അസം എന്നിവയുള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കുനേരെ ആക്രമണം നടത്തി.

അക്രമികളോട് കോണ്‍ഗ്രസിന് മൃദുസമീപനം

2023 ജനുവരിയില്‍ ഛത്തീസ്ഗഢിലെ നാരായണ്‍പൂര്‍ ജില്ലയില്‍ ഒരു ചര്‍ച്ചിനുനേരെ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ ആക്രമണമുണ്ടായി. മാര്‍ച്ച് മാസത്തില്‍ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്കുനേരെ ആക്രമണം നടന്നു. അവിടെ ഹിന്ദുത്വതീവ്രവാദികളില്‍ നിന്നും രക്ഷപ്പെടാന്‍ കന്യാസ്ത്രീകള്‍ക്ക് സഭാവസ്ത്രം പോലും ഒഴിവാക്കേണ്ടി വന്നു.

മതം മാറ്റാന്‍ പെണ്‍കുട്ടികളെ കൊണ്ടുപോകുന്നുവെന്നാരോപിച്ചാണ് ഹിന്ദുത്വ ഭീകരര്‍ കന്യാസ്ത്രീകളെ ആക്രമിച്ചത്. ഉത്തര്‍പ്രദേശില്‍ സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ ഭീഷണിയുമായി ഹിന്ദു ജാഗരണ്‍ മഞ്ച് അക്രമങ്ങള്‍ നടത്തുകയുണ്ടായി.

എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്താന്‍ ഇടതുപക്ഷ സംഘടനകള്‍ ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് മൃദുസമീപനമാണ് സ്വീകരിച്ചത്. കോണ്‍ഗ്രസ് വര്‍ഗീയതയോട് എക്കാലവും സ്വീകരിച്ചിട്ടുള്ളത് തണുത്ത സമീപനമാണ്. സംഘപരിവാറിന്റെ വര്‍ഗീയതയെ എതിര്‍ക്കാന്‍ സാധിക്കാറില്ല എന്നു മാത്രമല്ല, അതിനോട് സന്ധി ചെയ്യാനും വളര്‍ത്താനും ആണ് എക്കാലവും ശ്രമിച്ചിട്ടുള്ളത്.

അതിന്റെ ഏറ്റവും സമീപകാല ഉദാഹരണങ്ങളിലൊന്ന് ഛത്തീസ്ഗഢില്‍ ഉണ്ടായ സംഭവവികാസങ്ങളാണ്. അവിടെ കോണ്‍ഗ്രസിനേറ്റ കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന ആക്രമണങ്ങളോട് കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ച നിഷ്‌ക്രിയ നിലപാടുകളാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

ആദിവാസികളെ ഭിന്നിപ്പിക്കുന്നു

ആദിവാസികള്‍ക്കിടയില്‍ സംഘപരിവാര്‍ നടത്തിയ പ്രചരണങ്ങളുടെ ഫലമായി വലിയ വര്‍ഗീയ വിഭജനമാണ് അവര്‍ക്കിടയില്‍ ഉണ്ടായത്. ആദിവാസികള്‍ക്കിടയിലെ ന്യൂനപക്ഷം വരുന്ന ക്രിസ്ത്യാനികളുടെ സംവരണം എടുത്തുകളയണമെന്നാവശ്യപ്പെട്ട് മറ്റു വിഭാഗങ്ങളെ ഇളക്കിവിടാന്‍ അവര്‍ക്കായി.

മതപരിവര്‍ത്തനത്തിന്റെ പുകമറ സൃഷ്ടിച്ച് ക്രിസ്ത്യന്‍ സമുദായത്തിനും പൗരോഹിത്യത്തിനും എതിരെ വ്യാപകമായ അതിക്രമങ്ങള്‍ അവിടെ ഉണ്ടായിട്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കി നിന്നു. ഇതെല്ലാം ക്രിസ്ത്യന്‍ സമുദായത്തിനിടയില്‍ വലിയ പ്രതിഷേധവും നിരാശയുമാണ് സൃഷ്ടിച്ചത്. തിരഞ്ഞെടുപ്പില്‍ അതു ശക്തമായി പ്രതിഫലിക്കുകയും ചെയ്തു.

എന്നാല്‍ ഇക്കാര്യങ്ങള്‍ മറച്ചുവച്ചാണ് ക്രിസ്ത്യന്‍ സമുദായത്തെ ആകര്‍ഷിക്കാന്‍ കേരളത്തില്‍ സംഘപരിവാര്‍ ശ്രമിക്കുന്നത്. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ സംഘപരിവാറിനൊപ്പം കൈകോര്‍ക്കുന്ന കോണ്‍ഗ്രസാകട്ടെ ആ ശ്രമങ്ങള്‍ക്ക് പരോക്ഷമായ ന്യായീകരണവും ഒരുക്കുകയാണ്. ഈ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധമുയര്‍ത്താനും വര്‍ഗീയതയെ ചെറുക്കാനും നാടാകെ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നും പിണറായി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group