ഇരിട്ടി: പത്ര വിതരണക്കാരനും സ്ത്രീകളുമടക്കം നാലുപേരെ വ്യാഴാഴ്ച കടിച്ച ഭ്രാന്തൻ നായ ഇന്നലെ രാവിലെ ഒരു പശുവിനെ കടിക്കുകയും വളർത്തു പട്ടിയെ കടിച്ചു കൊല്ലുകയും ചെയ്തു.
ഒടുവില്‍ ജനങ്ങള്‍ സംഘടിച്ച് ഭ്രാന്തൻ നായയെ അടിച്ചുകൊന്നതോടെയാണ് പ്രദേശവാസികളുടെ ആശങ്ക ഒഴിഞ്ഞത്. വ്യാഴാഴ്ച പുലർച്ചെ പത്രവിതരണത്തിനിടെ ഏജന്‍റ് കീഴൂർ സ്വദേശി രാജനെയാണ് പേപ്പട്ടി കടിക്കുന്നത്.മണിക്കൂറുകള്‍ കഴിഞ്ഞ് വീട്ടു മുറ്റത്ത് തേങ്ങ ഉണക്കാനിടുകയായിരുന്ന പാക്കഞ്ഞി ബാലകൃഷ്ണനെയും കീഴൂരില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ യുവതിയെയും നായ കടിച്ചു. അന്ന് വൈകുന്നേരത്തോടെ കീഴൂർ കൃഷ്ണാലയത്തില്‍ ശ്രീജ കുഞ്ഞിനാരായണനും നായ യുടെ കടിയേറ്റു.
സാരമായി പരിക്കേറ്റ ശ്രീജയെ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ തദ്ദേശവാസികള്‍ നായയെ കൊല്ലാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ഇന്നലെ പുലർച്ചെ കീഴൂർ കണ്ണ്യത്ത് മടപ്പുരയ്ക്ക് സമീപത്തെ എം. സുരേഷ് ബാബുവിന്‍റെ വീട്ടിലെ പട്ടിക്കുട്ടിയെ കടിച്ചുകൊന്ന പേപ്പട്ടി, കീഴൂർ വീരപഴശി റോഡിലെ രാജേഷിന്‍റെ പശുവിനെയും കടിച്ചു.
നിരവധി തെരുനായ്ക്കളേയും പേപ്പട്ടി ആക്രമിച്ചതായാണ് നാട്ടുകാർ പറയുന്നത്. പ്രദേശമാകെ ഭീതിയിലായതോടെ സംഘടിച്ചെത്തിയവർ പട്ടിയെ കണ്ടെത്തി തല്ലിക്കൊല്ലുകയായിരുന്നു.
Post a Comment