രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ യാത്ര സമാപിച്ചു. സമാപനവുമായി ബന്ധപ്പെട്ട് മുംബൈയിൽ ഇന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണിയുടെ ശക്തി പ്രകടന റാലി നടത്തും. വൈകിട്ട് അഞ്ചു മണിയോടെ ശിവാജി പാർക്കിലാണ് വമ്പൻ റാലി നടക്കുക. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, എസ്പി നേതാവ് അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ് അടക്കം നേതാക്കളെ പങ്കെടുത്തേക്കും.
രാവിലെ 8 മണിയോടെ മഹാത്മാ ഗാന്ധിയുടെ ഭവനമായ മണിഭവനിൽ നിന്ന് ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ന്യായ് സങ്കൽപ് പദയാത്ര നടത്തും. വിവിധ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ വ്യക്തികളുമായി തേജ്പാൽ ഹാളിൽ വച്ച് രാഹുൽ ഗാന്ധി ചർച്ച നടത്തും.
അംബേദ്കർ സ്തൃതി മണ്ഡലപമായ ചൈത്യ ഭൂമിയിൽ ഭരണഘടനയുടെ ആമുഖം വായിച്ചാണ് ഇന്നലെ നേതാക്കൾ യാത്ര അവസാനിപ്പിച്ചത്. 15 സംസ്ഥാനങ്ങളിലൂടെ ആയിരത്തി അറുന്നൂറിലേറെ കിലോമീറ്റർ താണ്ടിയാണ് ഭാരത് ജോഡോ ന്യായ് യാത്ര മുംബൈയിലെത്തിയത്.
പ്രിയങ്കാ ഗാന്ധി, അശോക് ഗെലോട്ട്, കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല അടക്കം നേതാക്കളും രാഹുലിനൊപ്പം ഉണ്ടായിരുന്നു. അവസാന ലാപ്പിൽ വിവിധ ജനവിഭാഗങ്ങൾക്കുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്നു ഹൈലൈറ്റ്. വനിതകൾക്കും ആദിവാസികൾക്കും കർഷകർക്കുമെല്ലാം കോൺഗ്രസ് വക അഞ്ച് വീതം ഗ്യാരണ്ടി. ഇലക്ടോറൽ ബോണ്ട് വിവാദം തന്നെയായിരുന്നു ഒടുവിലെ രണ്ട് ദിനം രാഹുലിന്റെ പ്രസംഗത്തിലെ പ്രധാനഭാഗം. തിരഞ്ഞെടുപ്പിൽ രാഹുൽ അമേഠിയിലും മത്സരിച്ചേക്കുമെന്ന പ്രചാരണത്തെ കോൺഗ്രസ് തള്ളുന്നില്ല.
Post a Comment