ഇരിട്ടി: ആറളം ഫാമിൽ കാട്ടുപന്നിയെ കൊന്നുതിന്ന് ഇതിന്റെ ജഡാവശിഷ്ടങ്ങൾ കിടന്നിടത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി. ആറളം ഫാം പുനരധിവാസ മേഖലയായ ബ്ലോക്ക് ഏഴിലെ താമസക്കാരനായ ബാലന്റെ വീടിനു സമീപത്തായാണ് കാട്ടുപന്നിയുടെ ജഡാവശിഷ്ടങ്ങളും പുലിയുടേതെന്നു തോന്നിക്കുന്ന കാൽപ്പാടുകളും കണ്ടെത്തിയത്. ശനിയാഴ്ച്ച രാവിലെയാണ് കാട്ടുപന്നിയെ കൊന്നുതിന്ന സ്ഥലത്തിന് സമീപത്ത് ഇവിടുത്തെ താമസക്കാർ കുടിവെള്ളത്തിനായി കുഴികുത്തിയ സ്ഥലത്തായി പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്.
ഒരാഴ്ച മുൻപ് ബാലന്റെ വീട്ടിന് സമീപത്തായി വീട്ടുകാർ പുലിയെ കണ്ടിരുന്നു. പന്ത്രണ്ടാം ബ്ലോക്കിൽ നിന്നും ഒരു ആടിനെയും കടിച്ചു കൊന്നിരുന്നു. ഇതോടെ മേഖലയിലെ താമസക്കാർ കൂടുതൽ ഭയത്തിലാണ്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി കാൽപ്പാടുകൾ പരിശോധിച്ച് അന്വേഷണം തുടരുന്നു.
Post a Comment