Join News @ Iritty Whats App Group

അൽപ്പം ആശ്വാസം: പെൻഷൻ തുക കുടിശികയിൽ ഒരു മാസത്തെ ഗഡു അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്


തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ കുടിശികയിൽ ഒരു മാസത്തേത് കൂടി അനുവദിച്ച് സംസ്ഥാന ധനവകുപ്പ് ഉത്തരവിട്ടു. മാര്‍ച്ച് 15 മുതൽ ഒരു മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഒരു ഗഡു വിതരണം ചെയ്യുമെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ഇതോടെ ആറ് മാസത്തെ പെൻഷൻ തുക കുടിശികയുണ്ടാവും. എങ്കിലും ഏപ്രിൽ മാസം മുതൽ പെൻഷൻ വിതരണം കൃത്യമായി നടക്കുമെന്നാണ് ധനവകുപ്പ് പറയുന്നക്.

മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടു വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. ഏപ്രിൽ മുതൽ അതാതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കുകയാണെന്നും മന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു. 

കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നത്‌ തുടരുകയാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. നികുതി വിഹിതവും മറ്റ്‌ വരുമാനങ്ങളും നിഷേധിച്ചും, അർഹതപ്പെട്ട കടമെടുക്കാനുള്ള അനുവാദം തരാതെയും ഞെക്കിക്കൊല്ലാനാണ്‌ ശ്രമം. അതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയിൽ ഹർജി കൊടുത്തതിന്റെ പേരിൽ സാമ്പത്തിക വർഷാവസാനം എടുക്കാനാകുന്ന വായ്‌പയ്‌ക്കും കേന്ദ്രം തടസ്സമുണ്ടാക്കുന്ന സ്ഥിതിയുണ്ടായി. എന്നിട്ടും ക്ഷേമ പെൻഷൻ അടക്കം ജനങ്ങൾക്ക്‌ ആശ്വാസകരമായ പ്രവർത്തനങ്ങളുമായാണ്‌ സംസ്ഥാനം മുന്നോട്ടുപോകുന്നത്‌. സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക്‌ അടിയന്തിര പ്രാധാന്യത്തിൽതന്നെ പരിഹാരം ഉണ്ടാക്കാനും, അവരുടെ ആശ്വാസ പദ്ധതികൾ കൃത്യമായിതന്നെ നടപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group