Join News @ Iritty Whats App Group

കനത്ത മഴയില്‍ മുങ്ങി യുഎഇ, റോഡുകളില്‍ വെള്ളക്കെട്ട്, മണ്ണിടിച്ചില്‍; സുപ്രധാന അറിയിപ്പുകളുമായി അധികൃതര്‍


അബുദാബി: യുഎഇയില്‍ കനത്ത മഴ. മഴക്കൊപ്പം ശക്തമായ കാറ്റും വീശുന്നുണ്ട്. ഇന്നലെ രാത്രിയില്‍ യുഎഇയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. ഇടിമിന്നലോട് കൂടിയ മഴക്ക് പുറമെ ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. 

കനത്ത മഴ തുടര്‍ന്നതോടെ പല ഭാഗങ്ങളിലും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ തുടരുകയാണ്. ഇന്നലെ അല്‍ ഐനില്‍ ആരംഭിച്ച മഴ പിന്നീട് രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ ഗതാഗതം തടസ്സപ്പെട്ടു. 

മഴയെ തുടര്‍ന്ന് അബുദാബിയിലും ഷാർജയിലും ഉൾപ്പെടെ പാർക്കുകളും, മലയോര പാതകളും അടച്ചു. ബീച്ചുകളും അടച്ചിട്ടു​. ഗ്ലോബൽ വില്ലേജിൽ വെടിക്കെട്ട് നിർത്തിവച്ചു. അബുദാബി ക്ഷേത്രത്തിലും നിയന്ത്രണം ഏ‌ർപ്പെടുത്തി. വിമാന യാത്രക്കാർക്കും ജാ​ഗ്രതാ നിർദ്ദേശമുണ്ട്. സ്വകാര്യ മേഖലയിൽ ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു. ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. എല്ലാവരും വീടുകളില്‍ തുടരണമെന്നും അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

റാസല്‍ഖൈമയിലെ ഒരു റോഡില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായി. അല്‍ ഷുഹദ സ്ട്രീറ്റില്‍ നിന്ന് എമിറേറ്റ്സ് റോഡിലേക്കുള്ള വഴിയിലാണ് മണ്ണിടിഞ്ഞത്. ഷാര്‍ജയിലേക്ക് പോകുന്ന വാഹനയാത്രക്കാര്‍ക്ക് ദുബൈ ആര്‍ടിഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആ ദിശയില്‍ കനത്ത ഗതാഗത തടസ്സം നേരിടുന്നുണ്ടെന്നും ഡ്രൈവര്‍മാര്‍ ബെയ്റൂത്ത് സ്ട്രീറ്റ്, എമിറേറ്റ്സ് റോഡ് എന്നിവ തെരഞ്ഞെടുക്കണമെന്നുമാണ് രാവിലെ 10.55ന് നല്‍കിയ അറിയിപ്പ്. 

പടിഞ്ഞാറൻ എമിറേറ്റുകളിൽ മഴ ശക്തമാണ്. അൽ ഐൻ , നാഹിൽ മേഖലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ഭാഗങ്ങളിൽ യെല്ലോ അലേർട്ടുമാണ്. അൽ ദഫ്റയിലും അൽഐനിലും കനത്തമഴയും കാറ്റുമുണ്ട്. ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലും കനത്ത മഴയുണ്ടാകും. ഫുജൈറയും റാസൽഖൈമയും മഴ ജാഗ്രതയിലാണ്. വിവിധ പ്രദേശങ്ങളിൽ പാർക്കുകൾ അടച്ചു. മലയോര റോഡുകൾ അടച്ചിട്ടുണ്ട്. വാദികളിലേക്കും ഡാമിന് സമീപത്തേക്കും പ്രവേശനമില്ല. ബീച്ചുകളും അടച്ചിടും. ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

Post a Comment

Previous Post Next Post
Join Our Whats App Group