Join News @ Iritty Whats App Group

ബെംഗളൂരു കഫേ സ്ഫോടനം ടൈമര്‍ ഉപയോഗിച്ച് നിയന്ത്രിച്ചു? ഒരാളുടെ ചെവിക്ക് ഗുരുതര പരിക്ക്, ഇന്ന് നിര്‍ണായക യോഗം


ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ഫോടക വസ്തു ടൈമർ ഉപയോഗിച്ച് നിയന്ത്രിച്ചെന്നാണ് സംശയം. ടൈമറിന്‍റെ ചില അവശിഷ്ടങ്ങൾ കഫേയിൽ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് സൂചനയുണ്ട്. പരിക്കേറ്റവരിൽ നാൽപ്പത്തിയാറുകാരിയുടെ കർണപുടം തകർന്ന നിലയിലാണ്. അപകടനില തരണം ചെയ്തെങ്കിലും കേൾവിശക്തി നഷ്ടമായേക്കും. തീവ്രവാദ ആക്രമണമാണ് നടന്നതെന്നും കോൺഗ്രസ് സർക്കാർ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര വിമര്‍ശിച്ചു.

അതേസമയം സംഭവത്തിൽ രാഷ്ട്രീയക്കളിക്ക് ഇല്ലെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. കർണാടകയുടെയും ബെംഗളൂരുവിന്‍റെയും പ്രതിച്ഛായ സംരക്ഷിക്കാനാണ് ശ്രമം. 2022-ൽ അടക്കം മംഗലാപുരത്ത് ഉണ്ടായ കുക്കർ സ്ഫോടനം ബിജെപി ഭരണകാലത്തായിരുന്നു. അത്തരം വില കുറഞ്ഞ രാഷ്ട്രീയാരോപണങ്ങൾക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചു.

സംഭവത്തിൽ കസ്റ്റഡിയിലുള്ള ആളെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്. പത്ത് പേര്‍ക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വൈറ്റ്ഫീൽഡിനടുത്തുള്ള ബ്രൂക്ക് ഫീൽഡിലുള്ള പ്രസിദ്ധമായ രാമേശ്വരം കഫേയിൽ ഇന്നലെ ഉച്ചയ്ക്ക് 12.56-നാണ് സ്ഫോടനമുണ്ടായത്. നിരവധി ആളുകൾ വന്ന് പോകുന്ന ഉച്ചഭക്ഷണ നേരത്ത് കൈ കഴുകുന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. രണ്ട് സ്ത്രീകളടക്കം മൂന്ന് ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും സ്ഫോടനത്തിൽ പരിക്കേറ്റു. 

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ആണിയും നട്ടും ബോൾട്ടും കണ്ടെത്തിയതോടെ ഫൊറൻസിക്, ബോംബ് സ്ക്വാഡുകൾ എത്തി സ്ഥലത്ത് വിശദപരിശോധന നടത്തി. ഹോട്ടലിലെ സിസിടിവി പരിശോധിച്ചപ്പോൾ ഏതാണ്ട് 11.45 ഓടെ അ‍ജ്ഞാതനായ ഒരാൾ ഹോട്ടലിൽ ഒരു ബാഗ് കൊണ്ടുവന്ന് ഉപേക്ഷിച്ച് പോയ ദൃശ്യം ലഭിച്ചു. ഇതിന് ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് സ്ഫോടനമുണ്ടാകുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group