ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തിൽ പോരാടുന്നതിനായി ഇന്ത്യക്കാരെ ജോലി വാഗ്ദാനം ചെയ്തു പ്രലോഭിപ്പിച്ചു കടത്തിയതായി സിബിഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. യുവാക്കളെ വിദേശത്തേക്ക് അയയ്ക്കുന്ന മനുഷ്യക്കടത്ത് ശൃംഖല കേന്ദ്രീകരിച്ച് അന്വേഷണ ഏജൻസി നടപടി തുടങ്ങി. ഡൽഹി, തിരുവനന്തപുരം, മുംബൈ, അംബാല, ചണ്ഡിഗഡ്, മധുരൈ, ചെന്നൈ എന്നീ ഏഴ് നഗരങ്ങളിലെ പത്തിലധികം സ്ഥലങ്ങളിൽ സിബിഐ തെരച്ചിൽ നടത്തി.
ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് റഷ്യ-യുക്രൈൻ യുദ്ധമേഖലയിലേക്ക് യുവാക്കളെ നിയമിക്കുകയോ അയയ്ക്കുകയോ ചെയ്തുവെന്ന ആരോപണത്തിൽ വിവിധ കൺസൾട്ടൻസി സ്ഥാപനങ്ങൾക്കും ഏജന്റുമാർക്കുമെതിരേ സിബിഐ കേസെടുത്തിട്ടുണ്ട്. ഇതുവരെ, യുവാക്കളെ വിദേശത്തേക്ക് അയച്ച 35 സംഭവങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി.
ഇത് തെളിയിക്കുന്ന രേഖകളും ലാപ്ടോപ്പുകൾ, മൊബൈലുകൾ, ഡെസ്ക്ടോപ്പുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉകരണങ്ങളും 50 ലക്ഷം രൂപയും അന്വേഷണ ഏജൻസി പിടിച്ചെടുത്തു. ചോദ്യം ചെയ്യുന്നതിനായി വിവിധ സ്ഥലങ്ങളിൽനിന്നായി ഏതാനും പേരെ സിബിഐ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ജോലി തട്ടിപ്പിന് ഇരയായി റഷ്യൻ സൈന്യത്തിനൊപ്പം ചേരാൻ നിർബന്ധിതനായ ഹൈദരാബാദ് സ്വദേശി കൊല്ലപ്പെട്ടിരുന്നു. യുക്രൈനുമായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിലാണ് 30 കാരനായ മുഹമ്മദ് അസ്ഫാൻ കൊല്ലപ്പെട്ടത്.
Post a Comment