കൊച്ചി : കേരള സർവകലാശാല കലോത്സവ കോഴ കേസിൽ നൃത്തപരിശീലകരായ രണ്ട് പ്രതികളുടെ അറസ്റ്റ് തടയാതെ ഹൈക്കോടതി. കന്‍റോൺമെന്‍റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ രണ്ടും മൂന്നും പ്രതികളായ ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവർ നൽകിയ മുൻകൂർ ജാമ്യ ഹർജി നാളെ പരിഗണിക്കാൻ മാറ്റി. ഹർജിയിൽ കോടതി സർക്കാറിന്‍റെ വിശദീകരണം തേടിയിട്ടുണ്ട്.
വിധികർത്താവിന് കോഴ നൽകിയിട്ടില്ലെന്നും ആരോപണം പൊലീസ് കെട്ടിച്ചമച്ചതാണെന്നും ഹർജിക്കാർ പറയുന്നു. നിലവിൽ കേസിലെ ഒന്നാം പ്രതി ആത്മഹത്യ ചെയ്തെന്നും അതേ ഗതിയാണ് തങ്ങളെ കാത്തിരിക്കുന്നതെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. പരാതിയ്ക്ക് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണെന്നും മാർഗംകളിയിൽ സമ്മാനം നേടിയത് നേടിയത് തങ്ങൾ പരിശീലിപ്പിച്ച കുട്ടികളാണ്. അതിൽ മറ്റ് ചില നൃത്ത പരിശീലകർക്ക് വൈരാഗ്യമുണ്ടെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
വിധികർത്താവിന്റെ മരണത്തോടെയാണ് കേരള സർവകലാശാല കലോത്സവത്തിലെ കോഴ വിവാദം വഴിത്തിരിവിലെത്തിയത്. ആത്മഹത്യ ചെയ്ത പി എൻ ഷാജിക്ക് കലോത്സവ വേദിയിൽ വച്ച് ക്രൂരമായി മർദ്ദനമേറ്റെന്ന് അമ്മയും സഹോദരനും പറഞ്ഞു. നിരപരാധി ആണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ആത്മഹത്യക്കുറിപ്പ് എഴുതിവച്ചാണ് ഷാജി കണ്ണൂരിലെ വീട്ടിൽ ജീവനൊടുക്കിയത്. കലോത്സവത്തിലെ വിവാദങ്ങൾക്കും പൊലീസ് കസ്റ്റഡിക്കും പിന്നാലെ ഷാജി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്നാണ് കുടുംബം പറയുന്നത്.
വിവാദമായ മാർഗം കളി മത്സരത്തിന്റെ ഫലം പുറത്ത് വന്നതിന് പിന്നാലെ എസ്എഫ്ഐ ജില്ലാ പ്രസിഡന്റും പ്രോഗ്രം കമ്മിറ്റി കൺവീനറുമായ എൻ കെ നന്ദന്റെ പരാതിയിൽ പൊലീസ് പി എൻ ഷാജിയേയും നൃത്തപരിശീലകരായ ജോമറ്റ് മൈക്കിൾ, സൂരജ് നായർ എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു. സംഘാടക സമിതി ക്രൂരമായി മർദ്ദിച്ചിരുന്നെന്ന് ജോമറ്റും സൂരജും അന്ന് തന്നെ പറഞ്ഞിരുന്നു. ഈ വാദങ്ങൾ ഷാജിയുടെ മരണത്തോടെ കൂടുതൽ ബലപ്പെടുകയാണ്.
അതേസമയം കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിലും വിധികർത്താവിന്റെ മരണത്തിലും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സർവകലാശാല ഡിജിപിക്ക് കത്ത് നൽകി. സർവകലാശാല യൂണിയനും അസാധുവാക്കും.
Post a Comment