കോഴിക്കോട്: കോഴിക്കോട് സ്വന്തം വീടിനടുത്തുവെച്ച് ട്രെയിന്‍ എഞ്ചിന്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. ബേപ്പൂര്‍ അരക്കിണര്‍ അരയിച്ചന്റകത്ത് പ്രഭാഷിന്റെ ഭാര്യയായ വിരുത്തിശ്ശേരിവയല്‍ കായക്കലകത്ത് നിഹിത(30) ആണ് ഇന്ന് രാവിലെ എട്ടരയോടെ അപകടത്തില്‍പ്പെട്ടത്. പുതിയാപ്പ എടക്കലിലെ സ്വന്തം വീട്ടില്‍ നിന്നും ജോലിസ്ഥലത്തേക്ക് പോകുന്നതിനിടയില്‍ പാവങ്ങാടിനും വെസ്റ്റ്ഹില്ലിനും ഇടയില്‍ കോയാറോഡിനടുത്ത് റെയില്‍പാളത്തില്‍ വെച്ചാണ് അപകടം നടന്നത്.
പാളം മുറിച്ചു കടക്കുമ്പോള്‍ ട്രെയിൻ എഞ്ചിൻ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. നിഹിതയെ ഇടിച്ചിട്ട എഞ്ചിനിൽ തന്നെ അടുത്തുള്ള എലത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയും പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ഇവിടെ ഏര്‍പ്പാടാക്കിയിരുന്ന ആംബുലന്‍സില്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
നിഹതയുടെ ഏക സഹോദരന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് എടക്കല്‍ ബീച്ച് റോഡില്‍ വെച്ച് ബൈക്ക് ഇടിച്ച് മരിച്ചിരുന്നു. നിഹിതയുടെ മക്കള്‍: കൗശിക്ക്, വേദാന്ത്, ശിവ. അച്ഛന്‍: ശിവദാസന്‍, അമ്മ: സുജ. സംഭവത്തില്‍ എലത്തൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post a Comment