Join News @ Iritty Whats App Group

ഇരിട്ടി കല്ലുമുട്ടിയിൽ മൾട്ടി പ്ലസ് തിയേറ്റർ; ഉന്നതതലസംഘം പരിശോധന നടത്തി

ഇരിട്ടി : പായം കല്ലുമുട്ടിയിൽ പഞ്ചായത്ത്
ഷോപ്പിങ് കോംപ്ലക്‌സിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിക്കുന്ന മൾട്ടിപ്ലസ് തിയേറ്ററിൻ്റെ അവസാനഘട്ട അവലോകനത്തിന് ഉന്നതതലസംഘമെത്തി. ഷോപ്പിങ് കോംപ്ലക്‌സിൻ്റെ മൂന്നാം നിലയിൽ നിർമിക്കുന്ന ഇരട്ട തിയേറ്ററുകൾക്കായി 7.22 കോടി രൂപയുടെ പ്രവൃത്തിക്ക് കിഫ്ബി അംഗീകാരം നൽകിയിരുന്നു.

തിയേറ്ററിനുള്ള ഇൻറീരിയൽ പ്രവൃത്തികൾക്കുള്ള ടെൻഡർ ക്ഷണിച്ച സാഹചര്യത്തിലാണ് പരിശോധന. കിഫ്ബി, ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി.) കിഡ്കോ എന്നീ ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥരാണ് സ്ഥല പരിശോധന നടത്തിയത്. തിയേറ്റർ പ്രവൃത്തി ഉദ്ഘാടനം നടത്തി രണ്ടുവർഷത്തോടടുത്തിട്ടും ടെൻഡർ നടപടികൾപോലും പൂർത്തിയാക്കാത്തതിനെതിരേ വിമർശനം ഉയർന്നിരുന്നു. കിഫ്ബി ബോർഡ് യോഗം ചേർന്ന് ഫണ്ട് അനുവദിക്കാത്തതായിരുന്നു പ്രതിസന്ധിയുണ്ടാക്കിയത്. കഴിഞ്ഞദിവസം കിഫ്ബി ബോർഡ് യോഗം അനുമതി നൽകിയതോടെയാണ് ചലച്ചിത്ര വികസന കോർപ്പറേഷൻ ടെൻഡർ ക്ഷണിച്ചത്.

ആറുമാസത്തിനകം നിർമാണം

ഇരിട്ടി-കൂട്ടുപുഴ റോഡിൽ കല്ലുമുട്ടിയിൽ പായം പഞ്ചായത്ത് കിഫ്ബി പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടസമുച്ചയത്തിലാണ് മൾട്ടിപ്ലസ് തിയേറ്റർ സ്ഥാപിക്കുന്നത്. ആധുനിക നിലവാരത്തിലുള്ള ഡോൾബി സംവിധാനങ്ങളും ഇരിപ്പിട സൗകര്യങ്ങളും ഇൻറീരിയൽ ക്രമീകരണങ്ങളുമായി 150 സീറ്റുകൾ വീതമുള്ള രണ്ട് തിയേറ്ററുകളാണ് പണിയുന്നത്. അഞ്ചുനില കെട്ടിടമാണ് പഞ്ചായത്ത് നേരത്തെ നിർമിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പാർക്കിങ്, രണ്ടുനിലകളിൽ വ്യാപാരസ്ഥാപനങ്ങൾ മൂന്നും നാലും നിലകൾ ഉൾപ്പെടുത്തി മൾട്ടിപ്ലസ് തിയേറ്ററുകൾ എന്നിവയാണ് പദ്ധതി.

ടെൻഡർ അംഗീകരിച്ച് ആറുമാസത്തിനുള്ളിൽ നിർമാണം ആരംഭിക്കാനാണ് തീരുമാനം. ചലച്ചിത്ര വികസന കോർപ്പറേഷന് കീഴിലെ ഏറ്റവും മികച്ച തിയേറ്ററായി ഇതിനെ മാറ്റും. കിഫ്ബി പ്രോജക്ട‌് മാനേജർ അജയ് പ്രസാദ്, ടി. നന്ദു, അമല, ജീസൺ, കെ.എസ്.എഫ്.ഡി.സി. പ്രോജക്ട് മാനേജർ രതീഷ്, ശ്യാം, കിഡ്കോ ടീം ലീഡർ ഭാമ, അമൽ എന്നിവരുമാണ് സ്ഥലത്തെത്തിയത്.പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, വൈസ് പ്രസിഡന്റ്റ് അഡ്വ. എം. വിനോദ് കുമാർ, സ്ഥിരം സമിതി അധ്യക്ഷ വി. പ്രമീള, വാർഡ് അംഗം പി. സാജിദ്, സെക്രട്ടറി ഷീനകുമാരി പാല, ജൂനിയർ സൂപ്രണ്ട് ജയ്‌സൺ തോമസ്, അസിസ്റ്റൻറ് എൻജിനിയർ ബെന്നി കല്യാടിക്കൽ, ഓവർസിയർ എം.സി. രമ്യ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group