Join News @ Iritty Whats App Group

പ്രവാസിയെ കാണാനില്ലെന്ന് വിവരം,പാതിരാത്രി അന്വേഷണമെത്തിയത് ലോഡ്ജിൽ'; പൊലീസ് ഇടപെടലിൽ ഒരാൾ കൂടി ജീവിതത്തിലേക്ക്


തൃശൂര്‍: ലോഡ്ജ് മുറിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസിയായ 60കാരനെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി കൊടുങ്ങല്ലൂര്‍ പൊലീസ്. ജിഎസ്‌ഐ രാജി, സിപിഒമാരായ മനോജ്, രാകേഷ് എന്നിവര്‍ അതിവേഗതത്തിൽ നടത്തിയ പരിശ്രമത്തിലൂടെയാണ് പ്രവാസിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. കൈപ്പമംഗലം സ്റ്റേഷന്‍ പരിധിയില്‍ നിന്ന് പ്രവാസിയെ കാണാതായെന്ന വിവരം ലഭിച്ചതോടെ കൊടുങ്ങല്ലൂര്‍ പൊലീസും അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടെയാണ് നഗരത്തിലെ ഒരു ബാറിനോട് ചേര്‍ന്ന ലോഡ്ജില്‍ പ്രവാസിയെ കണ്ടെത്തിയത്. ലോഡ്ജ് മുറിയില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പുകളും കണ്ടെത്തി. ഇതില്‍ താന്‍ അമിത അളവില്‍ ഇന്‍സുലിന്‍ കുത്തിവച്ചിട്ടുണ്ടെന്ന് എഴുതിയിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് ഉടന്‍ തന്നെ 60കാരനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ്: ''ഇന്നലെ അര്‍ദ്ധരാത്രിയോടെ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൈപ്പമംഗലം സ്റ്റേഷനില്‍ നിന്ന് ഒരു ഫോണ്‍ കോള്‍. 60 കാരനായ പ്രവാസിയെ കാണാനില്ല എന്നും കൊടുങ്ങല്ലൂര്‍ അമ്പല പരിസരത്ത് ഒന്ന് നിരീക്ഷിക്കണം എന്നും അറിയിച്ചു. പ്രവാസിയുടെ കാര്‍ നമ്പറും അറിയിച്ചു. ജിഡി ചാര്‍ജ് വിവരം ഉടനെ നൈറ്റ് പെട്രോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജിഎസ്‌ഐ രാജിയെ അറിയിച്ചു. രാജി ഉടന്‍ തന്നെ വാഹനം കണ്ടെത്തുന്നതിനായി വാഹന പരിശോധന കര്‍ശനമാക്കി. ടൗണ്‍ പരിസരങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ എല്ലാം പരിശോധിച്ചു. കിടക്കെ നടയിലെ ഇന്ദ്രപ്രസ്ഥം ബാറിന്റെ കോമ്പൗണ്ടില്‍ ഒരു കാര്‍ കിടക്കുന്നതു കണ്ടു സെക്യൂരിറ്റിക്കാരനെ വിളിച്ചുവരുത്തി ഗേറ്റ് തുറന്ന് ഉള്ളില്‍ കടന്ന് പരിശോധിച്ചപ്പോള്‍ കാര്‍ നമ്പര്‍ കാണാതായ ആളുടെതാണെന്ന് മനസ്സിലായി.'' 

''ഉടനെ ബാര്‍ അധികൃതരെ വിളിച്ച് ബാറിനോട് ചേര്‍ന്ന് ലോഡ്ജിന്റെ രജിസ്റ്റര്‍ പരിശോധിച്ചതില്‍ കാണാതായ പേരുകാരനായ ഒരാള്‍ റൂം നമ്പര്‍ 301 ല്‍ ഉണ്ടെന്ന് മനസ്സിലായി. റൂമിന്റെ കോളിംഗ് കോളിംഗ് ബെല്‍ പലവട്ടം അടിച്ചിട്ടും വാതില്‍ തുറക്കാതായപ്പോള്‍ വാതിലില്‍ ശക്തമായി മുട്ടിയപ്പോള്‍ ഒരാള്‍ വാതില്‍ തുറന്നു. അയാള്‍ വളരെ ക്ഷീണിതനായിരുന്നു. സംസാരിച്ച് തുടങ്ങിയപ്പോഴേക്കും അയാള്‍ കട്ടിലില്‍ ഇരിക്കുകയും തുടര്‍ന്ന് കട്ടിലില്‍ കിടക്കുകയും ചെയ്തു. തുടര്‍ന്ന് രാജി കൈപ്പമംഗലം പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട് വിവരമറിയിച്ചു. ഇതിനിടെ പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന സിപിഒ മനോജ് മേശപ്പുറത്തിരുന്ന ഫയല്‍ പരിശോധിച്ചതില്‍ പൊലീസിനും കുടുംബാംഗങ്ങള്‍ക്കുമായി നാലോളം ആത്മഹത്യാക്കുറിപ്പുകള്‍ കണ്ടെത്തി. അതില്‍ ഒരു കുറിപ്പില്‍ താന്‍ സ്വയം മരിക്കുകയാണെന്നും അമിത അളവില്‍ ഇന്‍സുലിന്‍ കുത്തിവെച്ചിട്ടുണ്ടെന്നും എഴുതിയിരുന്നു. ഇതോടെ പൊലീസ് സംഘം ഉടന്‍ തന്നെ അര്‍ധബോധാവസ്ഥയിലായിരുന്ന പ്രവാസിയെ മൂന്നാം നിലയില്‍ നിന്നും താഴെയിറക്കി ജീപ്പില്‍ കയറ്റി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഷുഗര്‍ ലെവല്‍ 40ല്‍ താഴെയാണെന്ന് ഡോക്ടര്‍ പറഞ്ഞു. പൊലീസ് ഉടന്‍ തന്നെ വീട്ടുകാരെയും മറ്റും വിളിച്ചുവരുത്തി. അപകടാവസ്ഥ തരണം ചെയ്ത പ്രവാസി ചികിത്സയില്‍ തുടരുകയാണ്.''

Post a Comment

Previous Post Next Post
Join Our Whats App Group