Join News @ Iritty Whats App Group

ഡാനിഷ് അലിയും പപ്പു യാദവും കോൺഗ്രസിലേക്ക്; ഇരുവരും ലോക്സഭയിലേക്ക് മത്സരിക്കും


ദില്ലി: ബിഎസ്‍പി മുന്‍ എംപി ഡാനിഷ് അലി, 'ജന്‍ അധികാര്‍ പാര്‍ട്ടി' നേതാവ് പപ്പു യാദവ് എന്നിവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ആസ്ഥാനത്തെത്തി ഇരുവരും പാര്‍ട്ടി അംഗത്വമെടുത്തു.

പപ്പു യാദവിനൊപ്പം 'ജന്‍ അധികാര്‍ പാര്‍ട്ടി'യും കോണ്‍ഗ്രസില്‍ ലയിച്ചു.യുപിയിലെ അംരോഹയില്‍ നിന്ന് ഡാനിഷ് അലിയും, ബിഹാറിലെ പുര്‍ണിയയില്‍ നിന്ന് പപ്പു യാദവും ലോക് സഭയിലേക്ക് മത്സരിക്കും.

മുമ്പ് ബീഹാറില്‍ നിന്ന് അഞ്ച് തവണ എംപിയായ നേതാവാണ് പപ്പു യാദവ്. കോൺഗ്രസിന്‍റെ രാജ്യസഭ എംപിയായ രഞ്ജീത് രഞ്ജന്‍ പപ്പു യാദവിന്‍റെ പത്നിയാണ്. രാജ്യത്തെ ഏകാധിപത്യഭരണത്തിനെതിരെയുള്ള പ്രതിഷേധമെന്ന നിലയ്ക്കാണ് കോൺഗ്രസില്‍ ചേരുന്നതെന്നും കോൺഗ്രസില്‍ നിന്ന് തനിക്ക് അര്‍ഹിക്കുന്ന ബഹുമാനം കിട്ടുന്നുണ്ടെന്നും പപ്പു യാദവ് പറഞ്ഞു.

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഏറെ സ്നേഹപൂര്‍വമാണ് തങ്ങളെ വരവേറ്റതെന്നും അതില്‍ ഏറെ സന്തോഷമുണ്ടെന്നും പാര്‍ട്ടി പ്രവേശത്തിന് ശേഷം പപ്പു യാദവ് പറഞ്ഞു.

മണിപ്പൂരില്‍ വച്ച് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുത്തതടക്കം അച്ചടക്ക ലംഘനമായി കണ്ട് ബിഎസ്‍പി, നേരത്തെ ഡാനിഷ് അലിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ ഔദ്യോഗികമായി ഡാനിഷ് അലി കോൺഗ്രസ് പാളയത്തില്‍ ചേക്കേറുന്നത്. 

ഏതാനും ദിവസങ്ങൾക്ക് മുമ്പ് സോണിയാ ഗാന്ധിയുമായി ഡാനിഷ് അലി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ തന്നെ ഡാനിഷ് അലിയുടെ കോൺഗ്രസ് പ്രവേശം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group