പാലാ: ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ഉരുളികുന്നം ഞണ്ടുപാറ കുടിലിപ്പറമ്പില്‍ ജെയ്‌സണ്‍ തോമസ് (44), ഭാര്യ മരീന (28), മക്കളായ ജെറാള്‍ഡ്(4), ജെറീന(2), ജറില്‍(7 മാസം) എന്നിവരാണ് മരിച്ചത്. ജയ്‌സനെ തൂങ്ങിമരിച്ച നിലയിലും മരീനയുടെയും മൂത്തകുട്ടി ജെറാള്‍ഡിന്റെയും മൃതദേഹങ്ങള്‍ തലയ്ക്കടിയേറ്റ നിലയിലുമായിരുന്നു. മറ്റു രണ്ടു കുട്ടികളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് നിഗമനം.
കിടപ്പുമുറിയിലാണ് അഞ്ചു മൃതദേഹങ്ങളും കണ്ടെത്തിയത്. ഭാര്യയുടെയും മകന്റെയും തലയ്ക്ക് അടിയ്ക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന ചുറ്റിക മുറിയില്‍ കണ്ടെത്തി. ആത്മഹത്യാ കുറിപ്പു കണ്ടെത്തിയിട്ടുണ്ട്. അമ്മയുടെ അടുത്തേക്ക് പോകുന്നു എന്നാണ് കിടപ്പുമുറിയില്‍ കണ്ടെത്തിയ കുറിപ്പിലുള്ളത്. ഇന്നലെ രാവിലെ ഏഴോടെ ജയ്‌സണ്‍, സഹോദരനെ വിളിച്ച് വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. വാടകവീട് മാറണമെന്നും സാധനങ്ങള്‍ മാറ്റാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് വിളിച്ചത്. വീടിന്റെ ഉമ്മറത്ത് അകത്തേയ്ക്ക് വരൂ എന്നെഴുതിയ കുറിപ്പ് കിട്ടി.
വാതില്‍ പൂട്ടിയിരുന്നില്ല. അകത്തു കയറിയ സഹോദരന്‍ ജിസിന് അഞ്ചു പേരും മരിച്ചു കിടക്കുന്നതാണ് കാണാന്‍ സാധിച്ചത്. ഉടന്‍ തന്നെ അയല്‍വാസികളെയും പോലീസിനെയും വിവരം അറിയിച്ചു. നൂറു മീറ്റര്‍ സമീപത്ത് വീടുകളില്ല. റബര്‍ തോട്ടത്തിന് നടുക്ക് ഒറ്റപ്പെട്ട നിലയിലാണ് വീട്. ജയ്‌സനും കുടുംബവും 15 മാസമായി ഇവിടെ വാടകയ്ക്കാണ് താമസം. സമീപത്തെ ആംഗന്‍വാടിയില്‍ മൂത്ത മകനെ ചേര്‍ത്തിട്ടുണ്ട്.
ജെയ്‌സന്‍ പൂവരണിയിലുള്ള സ്വകാര്യ റബര്‍ പാല്‍ സംഭരണ കേന്ദ്രത്തിലെ പിക്കപ്പ് വാന്‍ ഡ്രൈവറാണ്. കൊലയ്ക്കു പിന്നിലെ കാരണം വ്യക്തമല്ല. ഇവരുടേത് പ്രേമവിവാഹമായിരുന്നു. മരീന ബി എസ് സി നഴ്‌സിങ് പഠനം നടത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു വിവാഹം.
ഉരുളികുന്നം കളരിയ്ക്കല്‍ ബെന്നിയുടെ മകളാണ്. ജയ്‌സന്‍ ലക്ഷം വീട് കോളനിയിലായിരുന്നു താമസം. വിവാഹത്തിനു ശേഷം കുറച്ചുനാള്‍ ഉരുളികുന്നത്തും വാടകയ്ക്ക് താമസിച്ചു. ഭാരിച്ച സാമ്പത്തിക ബാധ്യതയെന്നും ജയ്‌സന് ഇല്ലായിരുന്നുവെന്ന് സഹോദരന്‍ ജിസ് പറഞ്ഞു. ഒന്നേകാല്‍ ലക്ഷത്തോളം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. കോട്ടയത്തു നിന്നു ഫോറന്‍സിക് വിദഗ്ധരും പാലാ ഡി െവെ. എസ്.പി ഉള്‍പ്പെടെ ഉന്നത പോലീസ് അധികാരികളും സ്ഥലത്തെത്തിയിരുന്നു. അഞ്ചു പേരുടെയും സംസ്‌കാരം ഇന്നലെ ഉരുളികുന്നം ഞണ്ടുപാറ സെന്റ് ജോര്‍ജ് പള്ളിയില്‍ നടത്തി.
Post a Comment