Join News @ Iritty Whats App Group

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഏഴുഘട്ടങ്ങളിലായി; കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 26ന്, വോട്ടെണ്ണല്‍ ജൂണ്‍ നാലിന് വിശദമായി അറിയാം

ന്യൂഡല്‍ഹി: 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജ്യത്ത് 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം. രണ്ടാം ഘട്ടം കേരളമുള്‍പ്പെടെ ഏപ്രിൽ 26 ന്, മൂന്നാം ഘട്ടം മെയ് 7, നാലാം ഘട്ടം മെയ് 13, അഞ്ചാം ഘട്ടം മെയ് 20, ആറാം ഘട്ടം മെയ് 25, ഏഴാം ഘട്ടം ജൂണ്‍ ഒന്നിന് തെര‍ഞ്ഞെടുപ്പ് നടക്കും. എല്ലാ ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നാലു സംസ്ഥാന നിയമസഭകളിലേയ്ക്കും വോട്ടെടുപ്പ് നടക്കും. 26 നിയമസഭാ സീറ്റുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പും നടക്കും. ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചല്‍പ്രദേശ്, ഒഡീഷ എന്നി സംസ്ഥാന നിയമസഭകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ആന്ധ്രാപ്രദേശിൽ മെയ് 13നാണ് നിയസഭാ തിരഞ്ഞെടുപ്പ്. . സിക്കിം- ഏപ്രിൽ 19 ന്, ഒറീസ- മെയ് 13 ന്, അരുണാചൽ പ്രദേശിൽ ഏപ്രിൽ 19 ന്. ഒഡീഷയിൽ രണ്ട് ഘട്ടങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.

തെരഞ്ഞെടുപ്പ് കാലം രാജ്യത്തിന്റെ അഭിമാനം എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ മുദ്രാവാക്യം. 96.8 കോടി കോടി വോട്ടർമാരാണ് രാജ്യത്തുളളത്. അതില്‍ 1.8 കോടി കന്നി വോട്ടര്‍മാര്‍, 49.7 കോടി പുരുഷ വോട്ടര്‍മാര്‍, 47.1 കോടി സ്ത്രീ വോട്ടര്‍മാര്‍, 19.74 കോടി യുവവോട്ടര്‍മാര്‍, 48,000 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടുകള്‍ എന്നിങ്ങനെയാണ് കണക്കുകള്‍. പത്തരലക്ഷം പോളിങ്ങ്ബൂത്തുകളാണ് പൊതു തിരഞ്ഞെടുപ്പിന് വേണ്ടി സജ്ജമാക്കുക.

ബൂത്തുകളില്‍ വീല്‍ചെയറും കുടിവെള്ളവും ശൗചാലയവുമുള്‍പ്പെടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 85 വയസിനു മുകളിലുള്ളവര്‍ക്കും 40 ശതമാനത്തിനു മുുകളില്‍ ശാരീരിക വെല്ലുവിളി ഉള്ളവര്‍ക്കും വീട്ടില്‍ വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയുടെ വിവരങ്ങള്‍ കെ.വൈ.സി. ആപ്പില്‍ ലഭ്യമാക്കും. ഇതില്‍നിന്ന് സ്ഥാനാര്‍ത്ഥിയുടെ ക്രിമിനല്‍ കേസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാം. അക്രമം തടയാന്‍ കേന്ദ്രസേനയെ വിന്യസിക്കുന്നതുള്‍പ്പെടെ കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന ഉണ്ടാകും. അതിര്‍ത്തികളില്‍ ഡ്രോണ്‍ നിരീക്ഷണവും ജില്ലകളില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം സംവിധാനവും ഉണ്ടാകും. പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം തടയും. പ്രശ്‌നബാധിത സാധ്യതാ ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് ഉണ്ടാകും.

 



Post a Comment

Previous Post Next Post
Join Our Whats App Group