പെരിന്തൽമണ്ണ : തിയേറ്ററിൽ യഥാസമയം എത്തിയിട്ടും തുടക്കം മുതൽ സിനിമ കാണാനുള്ള അവസരം നിഷേധിച്ചതിന് 50,000 രൂപ പിഴയടക്കാൻ തിയേറ്ററുടമക്കെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. പെരിന്തൽമണ്ണയിലെ പ്ലാസാ തിയേറ്ററിനെതിരെ ഏലംകുളം സ്വദേശികൾ ചേർന്ന് നൽകിയ ഹരജിയിലാണ് കമ്മിഷൻ ഉത്തരവ്. 2023 എപ്രിൽ 30ന് 'പൊന്നിയൻ സെൽവൻ 2' പ്രദർശനം കാണുന്നതിന് വൈകീട്ട് 6.45ന് പരാതിക്കാർ തിയേറ്ററിലെത്തി. എന്നാൽ ഏഴ് മണിക്ക് സിനിമ ആരംഭിക്കുമെന്ന് അറിയിച്ച സമയത്തും തിയേറ്ററിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. 10 മിനിട്ട് കഴിഞ്ഞാണ് പ്രവേശനം അനുവദിച്ചത്. തിയേറ്റർ വൃത്തിയാക്കുകയാണെന്നാണ് അറിയിച്ചത്. എന്നാൽ ഏഴ് മണിക്ക് തന്നെ തിയേറ്ററിൽ പ്രദർശനം തുടങ്ങിയിരുന്നു. പ്രതിഷേധം പ്രകടിപ്പിച്ചവരോട് തിയേറ്റർ അധികൃതർ മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തതായി പരാതിക്കാർ ബോധിപ്പിച്ചു.ഒരു പ്രദർശനം കഴിഞ്ഞ് തിയേറ്ററിനകം വൃത്തിയാക്കിയ ശേഷമാണ് അടുത്ത പ്രദർശനം കാണാൻ പ്രവേശനം അനുവദിക്കുന്നതെന്നും പരാതിക്കാർ 7.05നാണ് തിയേറ്ററിലെത്തിയതെന്നും ബോധപൂർവ്വം പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും തിയേറ്ററിനു വേണ്ടി കമ്മീഷൻ മുമ്പാകെ ബോധിപ്പിച്ചു. സാധാരണ 10 മണി, ഒരു മണി, നാല് മണി, ഏഴ് മണി, രാത്രി 10 മണി എന്നിങ്ങനെ അഞ്ച് പ്രദർശനമാണ് ഉണ്ടാകാറെന്നും എല്ലാ സിനിമകളും രണ്ടര മണിക്കൂർ ദൈർഘ്യമുള്ളതാണെന്നും 'പൊന്നിയൻ സെൽവൻ 2' സിനിമ 2.55 മണിക്കൂർ ദൈർഘ്യമുള്ളതാണെന്നും അതിനുശേഷം വൃത്തിയാക്കാനെടുത്തത് രണ്ട് മിനിട്ട് സമയം മാത്രമാണെന്നും മഴ കാരണം പരാതിക്കാർ ഉൾപ്പെടെയുള്ള ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്ത പ്രേക്ഷകർ വൈകി എത്തുകയാണ് ഉണ്ടായതെന്നും ബോധിപ്പിച്ചു.എന്നാൽ സിനിമയുടെ ദൈർഘ്യം കൂടുതലാണെന്ന കാരണത്താൽ പ്രേക്ഷകന് സിനിമ പൂർണ്ണമായി കാണാൻ അവസരം നിഷേധിച്ച നടപടി സേവനത്തിൽ വന്ന വീഴ്ചയാണെന്ന് കമ്മീഷൻ വിധിച്ചു. പ്രദർശനത്തിനും തിയേറ്റർ വൃത്തിയാക്കാനും പ്രവേശനത്തിനും സമയം ക്രമീകരിക്കാത്തത് തിയേറ്റർ അധികൃതരാണ്. പ്രേക്ഷകന് സൗകര്യപ്രദമായി തിയേറ്ററിൽ പ്രവേശിക്കാനും വൃത്തിയുള്ള അന്തരീക്ഷത്തിൽ സിനിമ പൂർണ്ണമായി കാണാനും അവകാശമുണ്ട്. ഈ കാര്യങ്ങളിൽ വീഴ്ച വരുത്തിയിരിക്കയാൽ പരാതിക്കാരായ അഞ്ച് പേർക്കുമായി 50,000 രൂപ നഷ്ടപരിഹാരമായി നൽകണം. കോടതി ചെലവിലേക്കായി 10,000 രൂപയും നല്‍കണം. ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകാത്ത പക്ഷം ഒമ്പത് ശതമാനം പലിശയും നൽകണമെന്നും കമ്മിഷന്റെ ഉത്തരവിൽ പറഞ്ഞു
സിനിമയുടെ ആദ്യഭാഗം കാണാൻ അവസരം നിഷേധിച്ചു; 50,000 രൂപ പിഴയടക്കണം; തിയേറ്ററിനെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധി..
News@Iritty
0
Post a Comment