ഗാസാസിറ്റി: ഗാസയില്‍ അഭയാര്‍ത്ഥികള്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. സാധനങ്ങള്‍ എയര്‍ഡ്രോപ് ചെയ്തുവെങ്കിലും പാരച്യൂട്ട് പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് പാഴ്‌സല്‍ അഭയാര്‍ത്ഥി ക്യാംപുകള്‍ക്ക് മേല്‍ പതിക്കുകയായിരുന്നു. അല്‍-ഷാതി അഭയാര്‍ത്ഥി ക്യാംപിനു സമീപമുള്ള വീടുകളുടെ മേല്‍ക്കൂരയിലാണ് പതിച്ചത്. റോക്കറ്റ് വീഴുന്ന പോലെയാണ് തോന്നിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഇസ്രയേല്‍- പലസ്തീന്‍ ഹമാസ് വിമതരുടെ ഏറ്റുമുട്ടലില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ട പ്രദേശമാണ് അല്‍-ഷാതി. പാരച്യൂട്ടില്‍ ഘടിപ്പിച്ചിരുന്ന തട്ട് ശരിയായി പ്രവര്‍ത്തിക്കുന്നതിന് കഴിയാതെ പോയതാണ് അപകടത്തിന് കാരണം. ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും പ്രതീക്ഷിച്ചിരുന്ന കുട്ടികളും യുവാക്കളും അടക്കമുള്ളവരുടെ മേലാണ് ഈ പാഴ്‌സലുകള്‍ പതിച്ചത്.
യുദ്ധത്തിനു പിന്നാലെ മേഖലയില്‍ ആയിരക്കണക്കിന് ആളുകള്‍ നരകതുല്യമായ ജീവിതമാണ് നയിക്കുന്നത്. ഭക്ഷണവും വെള്ളവും മരുന്നുമടക്കം അവശ്യവസ്തുക്കളുടെ ക്ഷാമവും വൈദ്യുതിക്ഷാമവും മാലിന്യപ്രശ്‌നവും ഇവരെ അലട്ടുന്നു. യു.എസും ജോര്‍ദാനും അടക്കമുള്ള രാജ്യങ്ങളാണ് ഇവിടെ അവശ്യവസ്തുക്കള്‍ എത്തിക്കുന്നത്. എന്നാല്‍ വെള്ളിയാഴ്ചത്തെ സംഭവവുമായി ബന്ധമില്ലെന്നാണ് ജോര്‍ദാന്റെ വിശദീകരണം.
Post a Comment