ജനവാസ മേഖലയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ നേരിടാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ പ്രയാസമുണ്ടാക്കുന്നുണ്ടെന്നും ഇതില്‍ ഭേദഗതി വരുത്തണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആറളം പുനരധിവാസ മേഖലയില്‍ നബാര്‍ഡ് ധനസഹായത്തോടെ നടത്തിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
വന്യജീവി ആക്രമണം തടയുന്നതിനും ജനജീവിതം സംരക്ഷിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ജനവാസ മേഖലയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ നേരിടുന്നതിനുള്ള പ്രധാന തടസം കേന്ദ്ര നിയമങ്ങളാണ്. വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുക, മയക്കു വെടി വെക്കുക, കൂട് വെച്ച് പിടിക്കുക, പ്രത്യേകം പാര്‍പ്പിക്കുക എന്നീ നടപടികള്‍ സ്വീകരിക്കുന്നതിന് കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ പാലിക്കണം. ആ സാഹചര്യത്തില്‍ അടിയന്തരഘട്ടങ്ങളില്‍ പോലും ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന് പരിമിതികളുണ്ട്. അതിനാല്‍ നിയമം ഭേദഗതി ചെയ്യണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. വന്യജീവികളെയും പരിസ്ഥിതിയെയും മനുഷ്യജീവിതത്തെയും സംരക്ഷിക്കുന്ന ഫലപ്രദമായ നിയമവ്യവസ്ഥകളാണ് വേണ്ടത്. അത്തരത്തില്‍ ഒരു ഭേദഗതി കൊണ്ടുവരാന്‍ കഴിയില്ല എന്ന നിലപാടാണ് കേന്ദ്രത്തിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നബാര്‍ഡ് ആര്‍ഐഡിഎഫ് സ്‌കീമില്‍ അനുവദിച്ച 38.02 കോടി രൂപ ചെലവഴിച്ചാണ് ആറളം മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയത്. പാല്‍ സൊസൈറ്റി, കൃഷി ഭവന്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, ആയുര്‍വേദ ഡിസ്‌പെന്‍സറി, വെറ്ററിനറി ഡിസ്‌പെന്‍സറി, ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ബോയ്സ് ഹോസ്റ്റല്‍, ഹോമിയോ ക്വാര്‍ട്ടേഴ്‌സ്, എല്‍ പി സ്‌കൂള്‍ ടീച്ചേഴ്സ് ക്വാര്‍ട്ടേഴ്സ്, എന്നിവയും രണ്ട് പ്രൈമറി സ്‌കൂള്‍ കെട്ടിടങ്ങള്‍, മൂന്ന് അങ്കണവാടികള്‍, അഞ്ച് കമ്മ്യൂണിറ്റി ഹാള്‍ ബ്ലോക്കുകള്‍, മൂന്ന് സപ്ലൈകോ ബ്ലോക്കുകള്‍, 2.3 കി.മീ. നീളത്തിലും മൂന്ന് മീറ്റര്‍ ഉയരത്തിലുമുള്ള ആന പ്രതിരോധ റെയില്‍ ഫെന്‍സിംഗ്, രണ്ട് പാലങ്ങള്‍, മൂന്ന് റോഡുകള്‍ എന്നിവയാണ് നിര്‍മ്മിച്ചത്. കിറ്റ്‌കോയാണ് നിര്‍വ്വഹണ ഏജന്‍സി.
പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. വളയഞ്ചാലില്‍ നടന്ന ചടങ്ങില്‍ സണ്ണി ജോസഫ് എംഎല്‍എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സബ് കലക്ടര്‍ സന്ദീപ്കുമാര്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ പി രാജേഷ് (ആറളം), ആന്റണി സെബാസ്റ്റ്യന്‍ (കണിച്ചാര്‍) പി പി വേണുഗോപാലന്‍ (പേരാവൂര്‍), ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ ജി പ്രമോദ്, പട്ടികവര്‍ഗ്ഗ ഉപദേശക സമിതി അംഗം പി കെ സുരേഷ്ബാബു, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം വി ശോഭ, ആറളം ഗ്രാമപഞ്ചായത്ത് അംഗം മിനി ദിനേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment