100 ൽ 110 മാർക്കും വാങ്ങും എന്നൊക്കെ നമ്മൾ തമാശയ്ക്ക് പറയാറുണ്ട്. എന്നാൽ, 100 -ൽ മാക്സിമം പോയാൽ 100 മാർക്കല്ലേ വാങ്ങാനാവൂ. എന്നാൽ, 300 -ൽ 310 മാർക്ക് വാങ്ങിയിരിക്കുകയാണ് ബംഗളൂരുവിലെ ചില നഴ്സിംഗ് വിദ്യാർത്ഥികൾ.
രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (RGUHS) -ലെ വിദ്യാർത്ഥികൾക്കാണ് പരീക്ഷാഫലം വന്നപ്പോൾ 300 -ൽ 310, 300 -ൽ 315 ഒക്കെ മാർക്ക് കിട്ടിയത്. ജനുവരിയിൽ നടന്ന ബിഎസ്‍സി നഴ്സിംഗ് രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതിയ വിദ്യാർത്ഥികളിൽ ചിലർക്കാണ് ഇങ്ങനെ വിചിത്രമായ ചില മാർക്കുകൾ കിട്ടിയത്. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിച്ച വിദ്യാർത്ഥികളിൽ ഒരാൾ പറഞ്ഞത്, 'ശരിക്കും ഇത് തമാശ തന്നെയാണ്. പരീക്ഷയെഴുതിയ എന്റെ ക്ലാസിലെ കുട്ടികൾക്ക് 300 -ൽ 310 ഉം 315 ഉം മാർക്കൊക്കെ കിട്ടിയിട്ടുണ്ട്' എന്നാണ്.
വളരെ പെട്ടെന്ന് തന്നെ യൂണിവേഴ്സിറ്റി അധികൃതരുടെ ശ്രദ്ധയിലും സംഭവം പെട്ടു. അപ്പോൾ തന്നെ പരീക്ഷാഫലം പിൻവലിക്കുകയായിരുന്നു. പിന്നീട്, തിരുത്തിയ ഫലം പ്രസിദ്ധീകരിച്ചു. എന്നാൽ, അതേസമയം തിരുത്തിയ മാർക്കിലും അതൃപ്തിയുണ്ട്. ഒരു രക്ഷിതാവ് പറഞ്ഞത്, 'തന്റെ കുട്ടിക്ക് 275 മാർക്കുണ്ടായിരുന്നത് ഒറ്റരാത്രി കൊണ്ട് 225 മാർക്കായി മാറി. അതിൽ വളരെ അധികം നിരാശ തോന്നി. എന്നാൽ, ഗ്രേഡിൽ മാറ്റമില്ല എന്നത് മാത്രമാണ് ആശ്വാസം' എന്നാണ്.
അതേസമയം യൂണിവേഴ്സിറ്റി അധികൃതർ പറയുന്നത് അവസാന നിമിഷം ഇന്റേണൽ മാർക്കുകൾ ഇതിനൊപ്പം ചേർക്കേണ്ടി വന്നു. അതിനാലാണ് മാർക്കിന്റെ കാര്യത്തിൽ ഇങ്ങനെ സംഭവിച്ചത് എന്നാണ്. മാർക്ക് തിരുത്തിയത് വിദ്യാർത്ഥികളെ ബാധിക്കില്ല എന്നും അധികൃതർ പറയുന്നു.
Post a Comment