Join News @ Iritty Whats App Group

ഓപ്പറേറ്റർ പിന്നേം ഉറങ്ങിപ്പോയി, സ്വിച്ചിട്ടത് മറന്നുപോയി, ഒരു നാട് മുഴുവൻ വെള്ളത്തിൽ, 3 മാസത്തിനിടെ 2ാം തവണ


കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിലെ വാട്ടർ അതോറിറ്റി ജലസംഭരണിയുടെ ഓപ്പറേറ്റർ ഉറങ്ങിപ്പോയതുകൊണ്ട് വീണ്ടും നാശം. ടാങ്ക് നിറഞ്ഞൊഴുകി വീടുകളിൽ വെളളം കയറി, ചെളി അടിഞ്ഞു. മൂന്ന് മാസം മുമ്പ് ഇതേ ഓപ്പറേറ്റർ ഉറങ്ങിപ്പോയതിനെ തുടർന്ന് വൻ നാശനഷ്ടമുണ്ടായിരുന്നു.
തളിപ്പറമ്പ് ആടിക്കുംപാറയിലുളളവർക്ക് ജല അതോറിറ്റി കൊടുക്കുന്നത് ചില്ലറ പണിയല്ല.

കുന്നിൻ മുകളിലാണ് കൂറ്റൻ ജലസംഭരണി. അത് നിറയ്ക്കാനുളള സ്വിച്ചും ഓണാക്കി കിടന്നുറങ്ങുന്ന ഓപ്പറേറ്റർ. ടാങ്ക് നിറഞ്ഞ് വെളളം കുത്തിയൊലിച്ചെത്തി വൻ നാശം. മൂന്ന് മാസത്തിനിടെ രണ്ട് തവണയാണ് സംഭവം. കഴിഞ്ഞ ദിവസം അർധരാത്രിയാണ് ചെളിവെളളം ഒഴുകിയെത്തിയത്. റോഡ് തകർന്നു. വീടുകളുടെ മതിൽ പൊളിഞ്ഞു. ആകെ ചെളിനിറഞ്ഞു. നാട്ടുകാർ ഓപ്പറേറ്ററെ പോയി വിളിച്ചപ്പോൾ ഇയാൾ കിടന്നുറങ്ങുന്നതാണ് കണ്ടത്.

കഴിഞ്ഞ ഡിസംബർ 26നും സമാനദുരന്തമുണ്ടായി. തുടർന്ന് വളർത്തുകോഴികൾ ഉൾപ്പെടെ ചത്തിരുന്നു. ഓപ്പറേറ്ററെ മാറ്റാമെന്നും ടാങ്കിൽ വെളളം നിറഞ്ഞാൽ ഓട്ടോമാറ്റിക്കായി ഓഫാകുന്ന സംവിധാനം സ്ഥാപിക്കാമെന്നും ഉറപ്പ് നൽകി. ഒന്നും നടന്നില്ല. ഒരാളുടെ ഉറക്കം കൊണ്ട് ഒരു നാടിന് മുഴുവൻ ഉറക്കമില്ലാതായി. ജല അതോറിറ്റി ഇനിയും ഉണർന്നില്ലെങ്കിൽ സമരത്തിനിറങ്ങാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.

Post a Comment

Previous Post Next Post
Join Our Whats App Group