Join News @ Iritty Whats App Group

കടംകേറി മുടിഞ്ഞു, 2 കോടിക്ക് കിഡ്‍നി വിൽക്കാൻ പോയി, സിഎക്കാരന് കിട്ടിയത് വൻപണി

കടം വീട്ടാൻ വേണ്ടി സ്വന്തം കിഡ്നി വിൽക്കാൻ പോയ സിഎ -ക്കാരന് നഷ്ടപ്പെട്ടത് 6.2 ലക്ഷം രൂപ. മത്തികെരെക്ക് സമീപം താമസിക്കുന്ന 46 -കാരനായ രഘുവരൻ (പേര് സാങ്കല്പികം) എന്നയാൾക്കാണ് ലക്ഷങ്ങൾ നഷ്ടപ്പെട്ടത്. സെൻട്രൽ സിഇഎൻ ക്രൈം പൊലീസിലാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്. 

ആകെ കടം കൊണ്ട് കഷ്ടപ്പെട്ട രഘുവരൻ തന്റെ കിഡ്‍നി വിറ്റുകൊണ്ട് ആ കടങ്ങളൊക്കെ തീർക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഇന്റർനെറ്റിൽ കിഡ്‍നിക്ക് ആവശ്യമുള്ള ആളുകൾക്ക് വേണ്ടി തിരച്ചിലും തുടങ്ങി. അതിലാണ് https://kidneysuperspecialist.org എന്നൊരു വെബ്സൈറ്റ് കാണുന്നത്. അതിൽ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് രഘുവരൻ വിളിക്കുകയും ചെയ്തു. 

ഫോൺ എടുത്തയാൾ വാട്ട്സാപ്പിൽ മെസ്സേജ് അയക്കാൻ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ രഘുവരൻ അയാൾക്ക് വാട്ട്സാപ്പിൽ മെസ്സേജ് അയച്ചു. പിന്നാലെ, പേര്, വിലാസം, രക്ത ​ഗ്രൂപ്പ് തുടങ്ങി പ്രാഥമിക വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് മെസ്സേജ് വന്നു. തന്റെ രക്ത​ഗ്രൂപ്പ് എബി നെ​ഗറ്റീവ് ആണെന്ന് പറഞ്ഞപ്പോൾ മറുവശത്തുണ്ടായിരുന്നയാൾ അതിന് രണ്ട് കോടി രൂപ കിട്ടുമെന്നും പകുതി അഡ്വാൻസ് ആയിരിക്കുമെന്നും രഘുവരനെ അറിയിച്ചു. 

പിന്നാലെ, ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ തിരിച്ചറിയൽ കാർഡുകളും ഫോട്ടോയും മെയിൽ അയക്കാൻ ആവശ്യപ്പെട്ടു. ഒപ്പം രജിസ്ട്രേഷൻ ഫീസായി 8000 രൂപയും കോഡിനായി 20000 രൂപയും അടക്കാനും ആവശ്യപ്പെട്ടു. പിന്നാലെ ടാക്സ് ക്ലിയറൻസിന് എന്നും പറഞ്ഞ് അഞ്ച് ലക്ഷം രൂപയാണ് നൽകാൻ പറഞ്ഞത്. മാർച്ച് രണ്ടിന് രഘുവരൻ ആ തുകയും നൽകി. ശേഷം പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു കോൾ വരികയും എസ്ബിഐയിൽ നിന്നുമാണ് എന്ന് പരിചയപ്പെടുത്തുകയും ചെയ്തു. ആന്റി ഡ്ര​ഗ്സ്, ടെററിസ്റ്റ് ക്ലിയറൻസ് ഫോമിനായി 7.6 ലക്ഷം രൂപ നൽകാനും വിളിച്ചയാൾ ആവശ്യപ്പെട്ടു.

ഇതോടെയാണ് രഘുവരന് ഇത് തട്ടിപ്പാണോ എന്ന് സംശയം തോന്നുന്നത്. സംശയം തോന്നിയ ഇയാൾ തന്റെ ബോസിനോടും ചില സുഹൃത്തുക്കളോടും ഇക്കാര്യം ചർച്ച ചെയ്തു. അവരാണ് അയാളോട് ഇത് തട്ടിപ്പാണ് എന്നും പൊലീസിൽ പരാതി നൽകാനും ആവശ്യപ്പെടുന്നത്. അപരിചിതരായ ആളുകൾക്ക് പണത്തിന് വേണ്ടി കിഡ്നി വിൽക്കുന്നത് നിയമവിരുദ്ധമാണ് എന്നും ഇയാൾക്ക് അറിയില്ലായിരുന്നത്രെ. 

എന്തായാലും, സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. 

Post a Comment

Previous Post Next Post
Join Our Whats App Group