കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പെരുമാറ്റചട്ടം കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും പെരുമാറ്റ ചട്ടലംഘനത്തിനെതിരേ നടപടി സ്വീകരിക്കുന്നതിനും ജില്ലയില്‍ 24 നിരീക്ഷണ സ്ക്വാഡുകള്‍ രൂപീകരിച്ച് ഉത്തരവായി.
ജില്ലാതലത്തില്‍ മാതൃകാ പെരുമാറ്റ ചട്ട (എംസിസി) നിരീക്ഷണത്തിനുള്ള നോഡല്‍ ഓഫീസര്‍ എഡിഎം കെ. നവീന്‍ബാബുവാണ്. നോഡല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ ഓരോ നിയമസഭാ മണ്ഡലത്തിലേക്കും രണ്ട് വീതം എംസിസി സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുക. ഇതിനു പുറമെ ജില്ലാതലത്തില്‍ രണ്ട് പ്രത്യേക സ്ക്വാഡും രംഗത്തുണ്ടാകും. എംസിസി ലംഘനങ്ങള്‍ നിരീക്ഷിച്ച് നടപടി എടുക്കുന്നതിനൊപ്പം അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്ന ഡീഫേസ്മെന്റ് നടപടികളും ഈ സ്ക്വാഡുകളുടെ ചുമതലയാണ്. തെരഞ്ഞടുപ്പ് വിജ്ഞാപനം നിലവില്‍ വരുന്നത് മുതല്‍ തന്നെ ഈ സ്ക്വാഡുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് അറിയിച്ചു.
നിയമസഭാ മണ്ഡലംതലത്തിലുള്ള ഓരോ സ്ക്വാഡിലും ഒരു പോലീസ് ഉദ്യോഗസ്ഥനും ഒരു വീഡിയോഗ്രാഫറുമടക്കം അഞ്ച് പേരുണ്ടാകും. 22 സ്ക്വാഡുകളിലായി 110 പേരും ജില്ലാതലത്തിലുള്ള രണ്ട് സ്ക്വാഡുകളിലായി 34 പേരും ഉണ്ടാകും. ഈ സ്ക്വാഡിലും പോലീസ് ഉദ്യോഗസ്ഥനും വീഡിയോഗ്രാഫറും ഉണ്ടാകും. അങ്ങനെ ആകെ 144 പേരെയാണ് എംസിസി സ്ക്വാഡിന്റെ ഭാഗമായി ജില്ലയില്‍ നിയോഗിച്ചിരിക്കുന്നത്.
എംസിസി സ്ക്വാഡില്‍ നിയോഗിച്ചിട്ടുള്ളവര്ക്കുള്ള പരിശീലനം ഇന്നു രാവിലെ 10.30ന് കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും. സ്ക്വാഡിന്റെ ഭാഗമായി നിയോഗിച്ചിട്ടുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും പരിശീലന ക്ലാസില്‍ പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു.
Post a Comment