Join News @ Iritty Whats App Group

നഷ്ടം 10 കോടി! ഖത്തര്‍ ഷോ റദ്ദാക്കിയതിന് കാരണം സ്‌പോണ്‍സര്‍മാര്‍; ഷോ നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സ്റ്റേഡിയം അടച്ചുപൂട്ടി


‘അമ്മ’യുടെ ഖത്തര്‍ ഷോ റദ്ദാക്കിയതോടെ നഷ്ടം പത്ത് കോടി. മോളിവുഡ് മാജിക് എന്ന ഷോയ്ക്ക് നാലായിരത്തോളം ടിക്കറ്റുകളാണ് വിറ്റു പോയത്. സ്‌പോണ്‍സര്‍മാരുടെ പിടിപ്പുകേടാണ് ഷോ റദ്ദാക്കിയതിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് രണ്ടാം തവണയാണ് ഖത്തര്‍ ഷോ മുടങ്ങുന്നത്.

പരിപാടി നടക്കാനിരുന്ന സ്റ്റേഡിയത്തിന്റെ വാടക നല്‍കാത്തതിനാല്‍ ഷോ നടക്കാനിരുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്നേ അധികൃതര്‍ സ്‌റ്റേഡിയം അടച്ചു. മാത്രമല്ല ഷോ നടത്താനായി ഖത്തര്‍ ഭരണകൂടത്തിന്റെ അനുമതി നേടിയിട്ടുമില്ല. പണം നല്‍കാത്താതിനാല്‍ സ്റ്റേഡിയത്തില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചിരുന്നില്ല.

അതുകൊണ്ട് തന്നെ ഷോ കാണാനെത്തിയ പ്രേക്ഷകര്‍ കീലോമീറ്ററുകള്‍ അകലെയാണ് വണ്ടികള്‍ പാര്‍ക്ക് ചെയ്തത്. ആളുകള്‍ എത്തിയതോടെയാണ് അധികൃതര്‍ സ്‌റ്റേഡിയം അടച്ചത്. ടിക്കറ്റ് എടുത്തവര്‍ക്ക് ഇവന്റ് മാനേജ്‌മെന്റ് കമ്മിറ്റി പണം തിരികെ നല്‍കും.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് വേണ്ടിയുള്ള ധനസമാഹരണത്തിന് വേണ്ടി ആയിരുന്നു മോളിവുഡ് മാജിക് നടത്താനിരുന്നത്. ഈ ഷോ പൊളിഞ്ഞതോടെ സംഘടനയ്ക്കായി ‘അമ്മ’ മള്‍ട്ടിസ്റ്റാര്‍ സിനിമ ചെയ്യും.
അതേസമയം, കഴിഞ്ഞ നവംബര്‍ 17ന് ആയിരുന്നു ഷോ ആദ്യം നിശ്ചയിച്ചിരുന്നത്. ദോഹയിലെ നയന്‍ സെവന്‍ ഫോര്‍ ആയിരുന്നു വേദി. എന്നാല്‍ പലസ്തീന്‍-ഇസ്രയേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഗവണ്‍മെന്റ് ഷോ നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

അതിന് ശേഷമായിരുന്നു മാര്‍ച്ച് 7ന് പരിപാടി നടത്താന്‍ തീരുമാനിച്ച്. ‘എമ്പുരാന്‍’ സിനിമയുടെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് മോഹന്‍ലാലും പൃഥ്വിരാജും പരിപാടിക്ക് എത്തിയത്. മമ്മൂട്ടിയും 7ന് തന്നെ ഖത്തറില്‍ എത്തിയിരുന്നു.

ജയറാം, ദിലീപ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഹണി റോസ്, അപര്‍ണ ബാലമുരളി, നീത പിള്ള, കീര്‍ത്തി സുരേഷ് തുടങ്ങി മലയാള സിനിമാ താരങ്ങളിലെ വലിയൊരു വിഭാഗവും പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയാണ് ഇത്. മാത്രവുമല്ല കലാപരിപാടികളുടെ പരിശീലനത്തിനായി ഇരുന്നൂറോളം താരങ്ങള്‍ നേരത്തെ എത്തിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group