പാലക്കാട്:പാലക്കാട്ടെ ക്ഷേത്രത്തിലെ കനല്‍ച്ചാട്ടം ചടങ്ങിനിടെ പത്തുവയസുകാരൻ തീക്കൂനയിലേക്ക് വീണ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബാലാവകാശ കമ്മീഷന്‍റെ നിര്‍ദേശ പ്രകാരം ആലത്തൂര്‍ പൊലീസാണ് കേസെടുത്തത്. രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടോയെന്നും പരിശോധിക്കുന്നുണ്ടെന്നും കുട്ടിക്ക് ആവശ്യമായ കൗണ്‍സിലിംഗും സംരക്ഷണവും ഉറപ്പാക്കുമെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ വ്യക്തമാക്കി. പാലക്കാട് ആലത്തൂർ മേലാർക്കോട് പുത്തൻത്തറ മാരിയമ്മൻ കോവിലിൽ കനൽചാട്ടത്തിനിടെയാണ് അപകടം.
ചടങ്ങിനിടെ സ്കൂള്‍ വിദ്യാര്‍ത്ഥിയായ പത്ത് വയസ്സുകാരൻ തീക്കൂനയിലേക്ക് വീണ് അപകടമുണ്ടായത്. പൊങ്കൽ ഉത്സവത്തിനിടെ പുലർച്ചെ അഞ്ചരമണിയോടുകൂടിയാണ് അപകടമുണ്ടായത്. കനൽച്ചാട്ടം നടത്തുന്നതിനിടെ വിദ്യാർത്ഥി തീക്കൂനയിലേക്ക് വീഴുകയായിരുന്നു. പൊള്ളലേറ്റ വിദ്യാർത്ഥിയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടി തീക്കൂനയിലേക്ക് വീഴുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെ സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ ഇടപെടുകയായിരുന്നു.
Post a Comment