Join News @ Iritty Whats App Group

'അക്കൗണ്ടിൽ പണമൊന്നുമില്ല, ആ കോളിന് ശേഷം വന്നത് 10 ലക്ഷം': നടന്നത് വൻ കബളിപ്പിക്കൽ, പരാതിയുമായി തൃശൂർ സ്വദേശി


തൃശൂര്‍: വായ്പാ തട്ടിപ്പ് കെണിയില്‍ യുവാവിന് 10 ലക്ഷം രൂപ നഷ്ടമായതായി പരാതി. തെക്കുംകര സ്വദേശിക്കാണ് പണം നഷ്ടമായത്. ഫോണ്‍ ഹാക്ക് ചെയ്ത ശേഷം ഇന്‍സ്റ്റന്റ് പേഴ്സണല്‍ ലോണ്‍ ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം. 

പരാതി ഇങ്ങനെ: ''മുംബൈയില്‍ നിന്ന് യുവാവിന്റെ ഫോണിലേക്ക് ഒരു കോള്‍ വന്നു. ഇയാള്‍ മുംബൈയില്‍ നിന്ന് ഇറാഖിലേക്ക് എം.ഡി.എം.എ പര്‍സലായി അയച്ചുവെന്നും അത് പിടിക്കപ്പെട്ടുവെന്നും പറഞ്ഞായിരുന്നു ഫോണ്‍. എന്നാല്‍ താന്‍ അവിടെ അല്ലെന്നും അത്തരം സംഭവം അറിയില്ലെന്നും യുവാവ് പറഞ്ഞെങ്കിലും ഇന്റര്‍ പോള്‍ കേസാണെന്നും ജയിലാകുമെന്നും വിളിച്ചയാള്‍ ഭീഷണിപ്പെടുത്തി. ഉടന്‍ സൈബര്‍ സെല്‍ എസ്.ഐക്ക് ഫോണ്‍ കൈമാറുന്നുവെന്ന് പറഞ്ഞു. തുടര്‍ന്ന് സംസാരിച്ചത് മറ്റൊരാളായിരുന്നു. കോളിനിടെ മറുതലക്കല്‍ വയര്‍ലസ് സെറ്റിന്റെ ശബ്ദവും മറ്റും കേട്ടിരുന്നു. ഏകദേശം ഒന്നര മണിക്കൂറോളം ഇംഗ്ലീഷില്‍ യുവാവുമായി സംസാരിച്ചു. ഇതിനിടയില്‍ ആധാര്‍ നമ്പര്‍, എ.ടി.എം. കാര്‍ഡ് നമ്പര്‍ ഉള്‍പ്പടെ തട്ടിപ്പു സംഘം കൈക്കലാക്കിയിരുന്നു. ശേഷം യുവാവിന്റെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്ന നാലായിരത്തിലേറെ രൂപ കാലിയാക്കാന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് മറ്റൊരു അക്കൗണ്ടിലേക്ക് യുവാവ് കൈവശമുണ്ടായിരുന്ന പണം ട്രാന്‍സ്ഫര്‍ ചെയ്തു. തുടര്‍ന്ന് ഇപ്പോള്‍ യുവാവിന്റെ അക്കൗണ്ടിലേക്ക് കുറച്ച് പണം വരുമെന്നും അതും മറ്റൊരു അക്കൗണ്ടിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു. തന്റെ അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ തട്ടിപ്പു സംഘം പറഞ്ഞ അക്കൗണ്ടിലേക്ക് തനിക്ക് വന്ന സംഖ്യ ഉടന്‍ തന്നെ ട്രാന്‍സ്ഫര്‍ ചെയ്തു. ഇതോടെ തട്ടിപ്പു സംഘം ഫോണ്‍ ഓഫ് ചെയ്തു.''

തുടര്‍ന്ന് തന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പത്ത് ലക്ഷം രൂപയുടെ വായ്പയെടുത്തായി അറിഞ്ഞതെന്ന് യുവാവ് പറഞ്ഞു. പത്ത് ലക്ഷം രൂപയുടെ വായ്പയില്‍ ബാങ്കിന്റെ നടപടികള്‍ക്ക് വേണ്ട തുക കഴിച്ച് 9,92,000 ലക്ഷം രൂപയാണ് യുവാവിന്റെ അക്കൗണ്ടിലേക്ക് വന്നത്. ഉടന്‍ തന്നെ ബാങ്കില്‍ എത്തി പരിശോധിച്ചപ്പോഴും പത്ത് ലക്ഷം രൂപയുടെ പേഴ്സണല്‍ ലോണ്‍ എടുത്തായി കണ്ടെത്തി. വന്ന ഫോണ്‍ നമ്പറും അക്കൗണ്ട് നമ്പറും മഹാരാഷ്ട്രയില്‍ നിന്നുള്ളതാണ്. തുടര്‍ന്ന് ഇയാള്‍ തൃശൂര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group