Join News @ Iritty Whats App Group

തലശ്ശേരിയില്‍ കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡെക്കര്‍



ലശ്ശേരി: തലശ്ശേരിയിലെയും മാഹിയിലെയും പൈതൃക സ്‌മാരകങ്ങള്‍ ചുറ്റിക്കാണാൻ സഞ്ചാരികള്‍ക്കായി തലശ്ശേരിയില്‍ കെ.എസ്.ആർ.ടി.സി ഡബിള്‍ ഡക്കർ ടൂറിസ്റ്റ് ബസ് സജ്ജമായി.
ഒരേസമയം നഗരക്കാഴ്‌ചകളും ആകാശക്കാഴ്‌ചകളും യാത്രികർക്ക്‌ ആസ്വദിക്കാനാവുന്ന റൂഫ്‌ലൈസ്‌ ബസാണ്‌ കോണോർവയലിലെ കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍ ഓടാൻ തയാറായി നില്‍ക്കുന്നത്. 22 മുതല്‍ ബസ് വിനോദസഞ്ചാരികള്‍ക്കായി ഓടിത്തുടങ്ങും.

ആദ്യ യാത്ര ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ ഫ്ലാഗ്‌ ഓഫ് ചെയ്യും. വെള്ളിയാഴ്‌ച ഉച്ചക്കാണ് തിരുവനന്തപുരത്ത് നിന്ന് ബസ് തലശ്ശേരിയിലെത്തിയത്. വ്യാഴാഴ്ച രാത്രി നിറയെ യാത്രക്കാരുമായാണ് ബസ് തലശ്ശേരിയിലേക്ക് പുറപ്പെട്ടത്. വിനോദ യാത്രക്കുള്ള ബസിന്റെ സഞ്ചാരവഴികള്‍ സംബന്ധിച്ച്‌ ഏതാണ്ട് ധാരണയായിട്ടുണ്ട്.

തലശ്ശേരി ഡിപ്പോയില്‍നിന്ന് യാത്ര ആരംഭിക്കുന്ന ബസ് നിട്ടൂരിലെ ഗുണ്ടർട്ട് സ്റ്റോറി ടെല്ലിങ് മ്യൂസിയം, തലശ്ശേരി ദേശീയപാതയിലെ പഴയ കോടതി കെട്ടിട സമുച്ഛയം, സെന്റിനറി പാർക്ക്, സിവ്യൂ പാർക്ക്, ഓവർബറീസ് ഫോളി, കോട്ട, ലൈറ്റ് ഹൗസ്, ജവഹർഘട്ട്, കടല്‍പാലം, പാണ്ടികശാലകള്‍, ഗോപാലപേട്ട ഹാർബർ എന്നിവിടങ്ങളിലൂടെ മാഹിയിലെത്തും. മാഹി ബസേലിക്ക ചർച്ച്‌, മൂപ്പൻസ് ബംഗ്ലാവ്, വാക് വേ എന്നിവിടങ്ങള്‍ സന്ദർശിച്ചശേഷം അഴിയൂരിലെത്തും. ഇവിടെ നിന്ന് ബൈപാസ് വഴി മുഴപ്പിലങ്ങാട് വഴി തലശ്ശേരിയില്‍ തിരിച്ചെത്തുന്നതാണ്‌ നിലവിലെ റൂട്ട് മാപ്പ്.

അടുത്തഘട്ടത്തില്‍ പൊന്ന്യം ഏഴരക്കണ്ടം, കതിരൂർ സൂര്യനാരായണ ക്ഷേത്രം തുടങ്ങിയ കേന്ദ്രങ്ങള്‍കൂടി ഉള്‍പ്പെടുത്തും. യാത്രചെലവുകളും യാത്ര നിരക്കും സംബന്ധിച്ച്‌ പൂർണരൂപമായില്ല.

വിദ്യാർഥികള്‍ക്കും ടൂറിസ്റ്റ് ഗ്രൂപ്പുകള്‍ക്കും പ്രത്യേക ഇളവോടെയുള്ള പാക്കേജുമുണ്ടാവും. തലശ്ശേരി പൈതൃക ടൂറിസം പദ്ധതി ജനകീയമാക്കാൻ തലശ്ശേരിയുടെ എം. എല്‍.എ കൂടിയായ നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ മുൻ കൈയെടുത്താണ് ഡബിള്‍ ഡെക്കർ ബസ് തലശ്ശേരിയിലെത്തിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group