Join News @ Iritty Whats App Group

വെള്ളമില്ല, കരിഞ്ഞുണങ്ങി മുതുമലയും ബന്ദിപ്പൂരും; ആനയും കടുവയും വയനാടൻ കാട്ടിലെത്തുന്നത് വെള്ളവും തീറ്റയും തേടി


സുല്‍ത്താന്‍ബത്തേരി: വേനല്‍ കനത്തതോടെ തീറ്റയും വെള്ളവും തേടി തമിഴ്‌നാട് മുതുമല കടുവസങ്കേതം, കര്‍ണാടകയിലെ ബന്ദിപ്പൂര്‍, നാഗര്‍ഹോള കടുവ സങ്കേതങ്ങളില്‍ നിന്ന് ആനയും കാട്ടുപോത്തുകളുമടക്കമുള്ളവ വയനാട് വന്യജീവി സങ്കേതത്തിലേക്ക് പലായനം തുടങ്ങി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നേരത്തെയാണ് ഇത്തരത്തില്‍ മൃഗങ്ങള്‍ എത്തുന്നതെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. അടുത്തിടെ മുത്തങ്ങയില്‍ ദേശീയാപാതയോട് ചേര്‍ന്നുള്ള വനത്തില്‍ 'ആനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയെന്ന' വ്യാജസന്ദേശം പ്രചരിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ ആനകള്‍ മയക്കത്തിലായിരുന്നുവെന്ന് വനംവകുപ്പ് പിന്നീട് കണ്ടെത്തി. 

മുതമലയില്‍ നിന്ന് തീറ്റയും വെള്ളവും തേടി രാത്രികളില്‍ കുടിയേറുന്ന കാട്ടാനകള്‍ പകല്‍നേരമായിട്ടും മയങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുടിയേറിയെത്തുന്ന കാട്ടാനകള്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ മഴ ശക്തമാകുന്നതോടെ തിരികെ സ്വന്തമിടങ്ങളിലേക്ക് തന്നെ മടങ്ങുമെന്ന് പറയുന്നു. വേനല്‍ രൂക്ഷമാകുന്ന ഘട്ടത്തില്‍ പോലും നീലഗിരി ജൈവമണ്ഡലത്തില്‍ കാട്ടിനുള്ളില്‍ സുലഭമായി വെള്ളം ലഭിക്കുന്നതും പച്ചപ്പ് നിലനില്‍ക്കുന്നതും വയനാട് വന്യജീവിസങ്കേതത്തിലാണ്. ഇക്കാരണം കൊണ്ടാണ് ആന, കാട്ടുപോത്ത്, കടുവ തുടങ്ങിയ മൃഗങ്ങള്‍ കേരള വനങ്ങളിലെത്തുന്നത്. 

വയനാട് വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടക, തമിഴ്‌നാട് വനമേഖലകളില്‍ കാട്ടില്‍ പച്ചപ്പില്ലാതാകുകയും ജലാശയങ്ങള്‍ വറ്റിവരളുകയും ചെയ്തിട്ടുണ്ട്. ഈ പ്രതിസന്ധി മറികടക്കാന്‍ ഇരുസംസ്ഥാനങ്ങലിലെയും വനംവകുപ്പ് കാട്ടിനുള്ളില്‍ പലയിടങ്ങളിലായി കൃത്രികുളങ്ങള്‍ നിര്‍മിച്ച് ഇവയില്‍ വെള്ളം വാഹനത്തിലോ കുഴല്‍ക്കിണര്‍ വഴിയോ എത്തിക്കുകയാണ്. കര്‍ണാടക വനത്തിനുള്ളില്‍ പലയിടത്തായി കുഴല്‍ക്കിണര്‍ സ്ഥാപിച്ചിട്ടുണ്ട്. സോളാറില്‍ സെന്‍സര്‍ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം പമ്പുസെറ്റുകള്‍ സ്വയം പ്രവര്‍ത്തിച്ച് ഒന്നിടവിട്ട നേരങ്ങളില്‍ കുളങ്ങളിലേക്ക് വെള്ളമെത്തിക്കും. തമിഴ്‌നാടിന്റെ വനങ്ങളിലാകട്ടെ സിമന്റ് കുളങ്ങളാണ് തീര്‍ത്തിരിക്കുന്നത്. വനംവകുപ്പിന്റെ തന്നെ ഉടമസ്ഥതയിലുള്ള ടാങ്കര്‍ ലോറികളില്‍ വെള്ളം കൊണ്ടുവന്ന് ഇത്തരം ജലസംഭരണികളില്‍ നിറക്കുകയാണ് ചെയ്യുന്നത്. 

എന്നാല്‍ കൃത്രിമ കുളങ്ങളായതിനാല്‍ കടുത്ത വെയിലില്‍ വെള്ളം ബാഷ്പീകരിച്ച് പോകാന്‍ സാധ്യതയേറെയാണ്. വരള്‍ച്ചയെ തുടര്‍ന്ന് വനത്തിനുള്ളിലെ അടിക്കാടുകള്‍ ഉണങ്ങിയാല്‍ കാട്ടുതീ ഭീഷണിയിലേക്കായിരിക്കും ഇത് നയിക്കുക. വയനാട് വന്യജീവിസങ്കേതത്തിനെയും വരള്‍ച്ച ബാധിച്ചുതുടങ്ങിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ പൂത്ത മുളംകാടുകള്‍ ഉണങ്ങി നില്‍ക്കുന്നതും കാട്ടുതീ ഭീഷണിക്ക് ആക്കം കൂട്ടുകയാണ്. നിരവധി ആനക്കൂട്ടങ്ങളും കാട്ടുപോത്തിന്‍ പറ്റങ്ങളുമൊക്കെ വയനാട് വന്യജീവി സങ്കേതത്തിനുള്ളിലേക്ക് എത്തിയിട്ടുണ്ട്.

ഇത് വയനാട്ടില്‍ ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങള്‍ എത്തുന്നതിന്റെ തോത് വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. വന്യമൃഗങ്ങളുടെ കുടിയേറ്റം ശക്തമായതോടെ വൈകുന്നേരങ്ങളില്‍ കാട്ടുപാതകളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങളെ ധാരാളമായി കാണാനാകുന്നുണ്ട്. ഇത് മറ്റൊരര്‍ഥത്തില്‍ അപകടസാധ്യത കൂട്ടുന്നതുമാണ്. ആനകളുടെ അടക്കം വീഡിയോകളും ഫോട്ടോയും പകര്‍ത്താന്‍ വാഹനങ്ങളില്‍ നിന്ന് ഇറങ്ങി നിയമം ലംഘിക്കുന്നവര്‍ ആനകള്‍ക്ക് മുമ്പിലകപ്പെട്ട സംഭവങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group