Join News @ Iritty Whats App Group

ചില്ലറക്കാരല്ല റുബീനയും സംഘവും; ഹണിട്രാപ്പ്, മോഷണം, ബലാത്സഘം, തട്ടിപ്പ്: കേസുകൾ പലത്, പഴുതടച്ച് അന്വേഷണം!

കാസർകോട്: കാസർകോട് ഹണിട്രാപ്പ് കേസിലെ പിടിയിലായ 29 കാരിയടക്കം നേരത്തെയും നിരവധി കേസുകളിൽ പ്രതികളെന്ന് പൊലീസ്. കോഴിക്കോട് സ്വദേശിയായ 29 വയസുകാരി റുബീനയും ഭർത്താവ് ഫൈസലും ഉൾപ്പെട്ട 7 അംഗ സംഘത്തിനെതിരെ പൊലീസ് പഴുതടച്ച് അന്വേഷണം തുടങ്ങി. കാസര്‍കോട് സ്വദേശിയായ 59 വയസുകാരൻ പൊതുപ്രവർത്തകനെ ഹണിട്രാപ്പില്‍ പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് ദമ്പതിമാരുൾപ്പടെ ഏഴ് പേരെ പിടികൂടിയത്. പ്രതികൾ പിടിയിലായിരുന്നു.

പിടിയിലായവർ നേരത്തെയും നിരവധി കേസുകളിൽ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്. കേസിലെ മുഖ്യ സൂത്രധാരൻ ദിൽഷാദ് മോഷണ കേസിലെ പ്രതിയാണ്. അറസ്റ്റിലായ കോഴിക്കോട് പെരുമണ്ണ സ്വദേശി പി ഫൈസല്‍, ഭാര്യ കുറ്റിക്കാട്ടൂര്‍ സ്വദേശി എംപി റുബീന എന്നിവര്‍ക്കെതിരെ 2022 ല്‍ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനില്‍ തട്ടിപ്പ് കേസുണ്ട്. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് റുബീനക്കെതിരെ നടക്കാവ് പൊലീസ് സ്റ്റേഷനിലും കേസ്. ഫൈസലാകട്ടെ ബലാത്സംഗ കേസിലും പ്രതിയാണ്. 2021 ല്‍ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലാണ് ഇയാള്ക്കെതിരെ കേസുള്ളത്. 

കേസിലെ മുഖ്യ സൂത്രധാരനും മാങ്ങാട് സ്വദേശിയുമായ ദില്‍ഷാദിനെതിരെ ബേക്കല്‍ സ്റ്റേഷനിലാണ് മോഷണ കേസ് ഉള്ളത്. ദിൽഷാദിന്‍റെ നിർദ്ദേശപ്രകാരമാണ് റുബീന വിദ്യാർഥിയാണെന്ന തരത്തില്‍ പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച് ഹണിട്രാപ്പിൽ പെടുത്തിയത്. ലുബ്ന എന്ന വ്യാജപ്പേരിലാണ് റുബീന പരാതിക്കാരനെ സമീപിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റുബീന വിദ്യാർഥി എന്ന വ്യാജേന പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചു. സൗഹൃദം പതിയെ വളർന്നു. അതിനിടെ പഠനത്തിനായി ലാപ്ടോപ്പ് വാങ്ങി തരുമോയെന്ന് റുബീന 59 കാരനോട് ചോദിച്ചു. വാങ്ങിനൽകാമെന്ന് പരാതിക്കാരനും സമ്മതിച്ചു.

ഇത് നൽകാനായി കഴിഞ്ഞ വ്യാഴാഴ്ച ഇയാൾ മംഗളൂരുവിലെത്തി. അതിനിടെ യുവതി പരാതിക്കാരനെ ഹോട്ടൽ മുറിയിലേക്കെത്തിച്ചു. മുറിയിലുണ്ടായിരുന്ന തട്ടിപ്പ് സംഘത്തിലെ ശേഷിക്കുന്നവർ പരാതിക്കാരന്‍റെ വസ്ത്രങ്ങൾ ബലമായി അഴിപ്പിച്ചു. തുടർന്ന് യുവതിക്കൊപ്പം നിർത്തി ഫോട്ടോ എടുത്തു. 5 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിപണം തട്ടുകയായിരുന്നു. 

കേസിൽ ഫൈസല്‍, റുബീന, ദില്‍ഷാദ്, റഫീഖ് എന്നിവര്‍ക്ക് പുറമേ കാസർകോട് ഷിറിബാഗിലു സ്വദേശി എൻ സിദീഖ്, മുട്ടത്തൊടി സ്വദേശി നഫീസത്ത് മിസ്രിയ, മാങ്ങാട് സ്വദേശി അബ്ദുല്ലക്കുഞ്ഞി എന്നിവരെയും മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഘം കൂടുതല്‍ പേരെ ഹണി ട്രാപ്പില്‍ പെടുത്തിയിട്ടുണ്ടോ എന്നുള്ള പരിശോധനയിലാണ് അന്വേഷണ സംഘം. ഏഴ് പ്രതികളേയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പ്രതികളെ മംഗളൂരു, പടന്നക്കാട് എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

Post a Comment

Previous Post Next Post
Join Our Whats App Group