Join News @ Iritty Whats App Group

മേയര്‍ തെരഞ്ഞെടുപ്പിലെ വരണാധികാരി ബാലറ്റ് പേപ്പറില്‍ കൃത്രിമം കാണിക്കുന്ന പുതിയ വീഡിയോ പുറത്ത്

ചണ്ഡീഗഡ്: മേയര്‍ തെരഞ്ഞെടുപ്പിലെ വരണാധികാരി ബാലറ്റ് പേപ്പറില്‍ കൃത്രിമം കാണിക്കുന്ന പുതിയ വീഡിയോ പുറത്ത്. വരണാധികാരിയായ ബി.ജെ.പി. നേതാവ് അനില്‍ മാസി ബാലറ്റ് പേപ്പറില്‍ എഴുതുന്നതിന്റെ സി.സി. ടിവി ദൃശ്യമാണ് പുറത്തുവന്നത്. ഇയാള്‍ ആശങ്കയോടെ സി.സി. ടിവി കാമറയിലേക്ക് നോക്കുന്നതും പുറത്തുവന്ന ദൃശ്യത്തിലുണ്ട്.

വരണാധികാരിക്കെതിരേ രൂക്ഷവിമര്‍ശനവുമായി കഴിഞ്ഞ ദിവസം സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. വരണാധികാരി ബാലറ്റ് പേപ്പറില്‍ തിരിമറി നടത്തിയത് വ്യക്തമാണെന്ന് വീഡിയോ ദൃശ്യങ്ങള്‍ കണ്ടശേഷം ചീഫ് ജസ്റ്റിസ് ഡി.െവെ. ചന്ദ്രചൂഡ് പറഞ്ഞു. ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടുവെന്നും വരണാധികാരിയെ വിചാരണചെയ്യേണ്ടതാണെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. വരണാധികാരി അനില്‍ മാസിയോട് ഈമാസം 19-ന് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ്- ആം ആദ്മി പാര്‍ട്ടി സഖ്യത്തിന്റെ എട്ട് വോട്ടുകള്‍ അസാധുവാണെന്ന് വരണാധികാരി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ബി.ജെ.പി. സ്ഥാനാര്‍ഥി മനോജ് സോങ്കര്‍ വിജയിച്ചത്. തെരഞ്ഞെടുപ്പിലെ തിരിമറി ചോദ്യംചെയ്ത് ആം ആദ്മി പാര്‍ട്ടിയുടെ കൗണ്‍സിലര്‍ കുല്‍ദീപ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസയച്ചു.

കഴിഞ്ഞ മാസം 30നാണ് ചണ്ഡീഗഡ് മേയര്‍, സീനിയര്‍ ഡപ്യൂട്ടി മേയര്‍, ഡപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പു നടന്നത്. മേയര്‍ സ്ഥാനത്തേക്ക് ഇന്ത്യ മുന്നണിയുടെ കുല്‍ദീപ് കുമാറിന് 20 വോട്ടും ബി.ജെ.പിയുടെ മനോജ് സോങ്കറിന് 16 വോട്ടുമാണ് ലഭിച്ചത്. എന്നാല്‍, കുല്‍ദീപിനു ലഭിച്ചതില്‍ എട്ടു വോട്ട് അസാധുവാണെന്ന് വരണാധികാരി അനില്‍ മാസി പ്രഖ്യാപിച്ചതോടെ മനോജ് ജയിച്ചു (1612). ആം ആദ്മിയുടെ 8 വോട്ടുകള്‍ വരാണാധികാരിതന്നെ വെട്ടുംതിരുത്തും വരുത്തി അസാധുവാക്കിയെന്ന് ആരോപണമുയര്‍ന്നു.

തുടര്‍ന്ന്, സീനിയര്‍ ഡപ്യൂട്ടി മേയര്‍, ഡപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ ഇന്ത്യ മുന്നണി ബഹിഷ്‌കരിച്ചു; രണ്ടിലും ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ ജയിച്ചു. മേയര്‍ പദവി ആം ആദ്മിക്കും മറ്റു രണ്ടു സ്ഥാനങ്ങള്‍ കോണ്‍ഗ്രസിനും എന്നതായിരുന്നു ഇന്ത്യ മുന്നണി ധാരണ. വോട്ടുകള്‍ അസാധുവായില്ലെങ്കില്‍ മൂന്നിലും ജയം ഉറപ്പുമായിരുന്നു. അനില്‍ മാസി ചണ്ഡീഗഡ് മുനിസിപ്പല്‍ കോര്‍പറേഷനിലെ വോട്ടവകാശമില്ലാത്ത 9 നോമിനേറ്റഡ് അംഗങ്ങളില്‍ ഒരാളാണ്.

Post a Comment

Previous Post Next Post
Join Our Whats App Group