Join News @ Iritty Whats App Group

സോണിയ രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്കെത്തും ; ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും, റായ്ബറേലിയില്‍ പ്രിയങ്ക?


ന്യൂഡല്‍ഹി/ജയ്പൂര്‍: വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ നിന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ഇന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. അഞ്ച് തവണ ലോക്സഭാ എംപിയായി സേവനമനുഷ്ഠിച്ച ശേഷം 77 കാരിയുടെ ഉപരിസഭയിലെ ആദ്യ ടേമാണ്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധിയുടെ മകന്‍ രാഹുല്‍ ഗാന്ധി, മകള്‍ പ്രിയങ്ക ഗാന്ധി വധേര എന്നിവരും പത്രിക സമര്‍പ്പണത്തിന് സോണിയയെ ജയ്പൂരിലേക്ക് അനുഗമിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

ലോക്സഭയില്‍ റായ്ബറേലിയെ പ്രതിനിധീകരിച്ച ശ്രീമതി ഗാന്ധി അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല. പകരം ഈ സീറ്റില്‍ പ്രിയങ്കാഗാന്ധി മത്സരിച്ചേക്കുമെന്നാണ് വിവരം. 1999 ല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയായി ചുമതലയേറ്റ ശേഷമാണ് സോണിയ ഇവിടെ നിന്നും പാര്‍ലമെന്റിലേക്ക് എത്തിയത്. തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ മൂന്ന് രാജ്യസഭാ സീറ്റുകളിലൊന്നിലാണ് സോണിയ എത്തുക.

1964 ഓഗസ്റ്റ് മുതല്‍ 1967 ഫെബ്രുവരി വരെ ഉപരിസഭയില്‍ അംഗമായിരുന്ന മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ശേഷം രാജ്യസഭയിലെത്തുന്ന ഗാന്ധി കുടുംബത്തിലെ രണ്ടാമത്തെ അംഗമാണ് അവര്‍. 2019ല്‍ ഇത് തന്റെ അവസാന ലോക്സഭാ തെരഞ്ഞെടുപ്പായിരിക്കുമെന്ന് സോണിയാഗാന്ധി പറഞ്ഞിരുന്നു. 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള മൊത്തം 56 രാജ്യസഭാംഗങ്ങള്‍ ഏപ്രിലില്‍ വിരമിക്കാനിരിക്കുന്നത്.

തിരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന് നടക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആണ്. സോണിയാ ഗാന്ധി ഒഴിവാകുന്ന ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് ഊഹാപോഹങ്ങള്‍ ശക്തമാണ്. രാജ്യസഭയിലേക്ക് തെലങ്കാന, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു കൂടി സോണിയയ്ക്ക് ക്ഷണം ഉണ്ടായിരുന്നു. എന്നാല്‍ രാജസ്ഥനില്‍ നിന്നാണ് സോണിയ ഗാന്ധി മത്സരിക്കാന്‍ തെരഞ്ഞെടുത്തത്.

Post a Comment

Previous Post Next Post
Join Our Whats App Group