Join News @ Iritty Whats App Group

ആറളം ഫാം കൃഷിയിടത്തിലെ ആനക്കൂട്ടത്തെ നാളെ തുരത്തും




രിട്ടി: ആറളം ഫാമിലെ കൃഷിസ്ഥലങ്ങള്‍ സോളാർ വേലികള്‍ തീർത്ത് സംരക്ഷിക്കുന്ന പ്രവൃത്തികള്‍ പൂർത്തിയാകുന്നു. മൂന്നാംഘട്ടമായി ആറു ലക്ഷം രൂപ ചെലവില്‍ നാല് കിലോമീറ്റർ നീളത്തില്‍ വൈദ്യുത വേലി നിർമാണം പൂർത്തിയായി.
വൈദ്യുത വേലിയുടെ പ്രയോജനം ലഭിക്കുന്നതിനായി ആറളം ഫാം കൃഷിയിടത്തില്‍ തന്പടിച്ചിരിക്കുന്ന ആനക്കൂട്ടത്തെ നാളെ തുരത്തും. ഒന്ന്, രണ്ട്, നാല് ബ്ലോക്കുകളില്‍ നിലയുറപ്പിച്ചിരിക്കുന്ന ആനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്താനുള്ള നടപടികളാണ് നാളെ ഫാം അധികൃതർ സ്വീകരിക്കുന്നത്. കശുവണ്ടിയുടെ വിളവെടുപ്പ് കാലമായതിനാല്‍ ആനകളെ കൃഷിയിടങ്ങളില്‍ നിന്ന് തുരത്തി വരുമാനം വർധിപ്പിക്കുന്നതിനാണ് അടിയന്തരമായി സോളാർ വേലിയുടെ പ്രവൃത്തി പൂർത്തീകരിച്ചത്.

ആനകളെ തുരത്തുന്ന അതീവ ശ്രമകരമായ ദൗത്യം നാളെ രാവിലെ ഒമ്ബതോടെ ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഒരു ദിവസംകൊണ്ട് ദൗത്യം പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ. ആനകളെ അഞ്ച്, മൂന്ന്, ആറ് ബ്ലോക്കുകളിലൂടെ വനത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. സുരക്ഷയുടെ ഭാഗമായി ഫാമിലേക്കുള്ള റോഡുകള്‍ നാളെ അടച്ചിട്ട ശേഷമായിരിക്കും ആനയെ തുരത്തുന്ന നടപടികള്‍ ആരംഭിക്കുക.

അധികൃതരുടെ കണക്ക് പ്രകാരം 42 ആനകളാണ് ഫാമിലെ കൃഷി സ്ഥലത്ത് തമ്ബടിച്ചിരിക്കുന്നത്. എന്നാല്‍, എഴുപതിലധികം ആനകള്‍ ഫാമിനുള്ളിലുണ്ടെന്നാണ് വിവരം. ആറളം പുനരധിവാസ മേഖലയില്‍ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഫാം അധികൃതർ അറിയിപ്പ് നല്‍കിയിട്ടുണ്ട്. വർഷങ്ങളായി ഫാമിലെ കൃഷിയിടങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്ന ആനക്കൂട്ടത്തെ തുരത്താതെ ഫാമിനുള്ളിലെ കൃഷികള്‍ സംരക്ഷിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് അപകടം നിറഞ്ഞതും ശ്രമകരവുമായ ദൗത്യത്തിലേക്ക് അധികൃതർ എത്തുന്നത്.

ആറളം വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന 10.50 കിലോമീറ്റർ ദൂരം 50 കോടിയോളം രൂപ മുതല്‍ മുടക്കി ആനമതിലിന്‍റെ നിർമാണം പുരോഗമിക്കുകയാണ് പണികള്‍ പൂർത്തിയാകുന്നതോടെ ഫാം പൂർണമായും കൃഷി യോഗ്യമാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. ആറളം ഫാം പുനരധിവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഇതുവരെ 12 പേർ മരിച്ചിട്ടുണ്ട്.

35 ലക്ഷത്തിന്‍റെ സോളാർ വേലി

35 ലക്ഷം രൂപ ചെലവിലാണ് ഫാമിന്‍റെ 3000 ഏക്കറോളം കൃഷിയിടം സംരക്ഷിക്കാൻ സോളാർ വേലി സ്ഥാപിച്ചത്. പാലപ്പുഴ മുതല്‍ ഓടന്തോട് ഫാം പ്രധാന ഓഫിസ് വരെ മൂന്ന് കിലോമീറ്റർ, അണുങ്ങോട് രണ്ട് കിലോമീറ്റർ, ഓടന്തോട് പ്രധാന ഓഫിസ് പരിസരം മുതല്‍ കക്കുവ വഴിയിലെ ഫാം ചെക്ക് പോസ്റ്റ് വരെ നാല് കിലോമീറ്റർ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് സോളാർ പ്രതിരോധം പൂർത്തിയാക്കിയത്.

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളില്‍ വന്യമൃഗങ്ങള്‍ കാരണം ഫാമിനുള്ളില്‍ 40 കോടി രൂപയുടെ കൃഷി നാശം സംഭവിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഏറ്റവും അധികം വരുമാനം ഉറപ്പാക്കിയിരുന്ന തെങ്ങ്, കശുമാവ് എന്നിവ ഭൂരിഭാഗവും കാട്ടാനക്കുട്ടം നശിപ്പിച്ചു. 5000 ത്തിലധികം കായ്‌ഫലം ഉള്ള തെങ്ങുകളാണ് ഇല്ലാതായത്.

നഷ്ടത്തിലായ ഫാമില്‍ ജീവനക്കാർക്കും തൊഴിലാളികള്‍ക്കും ശമ്ബള കുടിശിക നല്‍കാനുണ്ട്. 15 കോടി രൂപയോളം സർക്കാരില്‍ നിന്നു ഗ്രാന്‍റ് കിട്ടിയാലേ ബാധ്യതകള്‍ തീർക്കാനാകൂ. ആനകളെ തുരത്തുന്നതോടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫാം മാനേജ്മെന്‍റും തൊഴിലാളികളും.

Post a Comment

Previous Post Next Post
Join Our Whats App Group