Join News @ Iritty Whats App Group

പിസി ജോർജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസി,പിസി ജോർജ്ജിനെ തള്ളി എൻകെ പ്രേമചന്ദ്രനെ പിന്തുണച്ച് വെള്ളാപ്പള്ളി; തുഷാർ ജയിക്കുമോ എന്നറിയില്ലെന്നും പ്രതികരണം


കോട്ടയം: പിസി ജോർജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയാണെന്ന് എസ്എൻഡിപി ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജോർജിനെ കേരളത്തിൽ ആരും വിശ്വസിക്കില്ലെന്നും എങ്ങും സ്ഥലമില്ലാതെ വന്നപ്പോൾ ബിജെപിയിൽ ചേർന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി കാണിച്ചത് തെറ്റാണ്. പി. സി. മത്സരിച്ചാൽ ദയനീയ പരാജയം ഉറപ്പാണെന്നും പറഞ്ഞ വെള്ളാപ്പള്ളി ആർഎസ്പി നേതാവ് എൻ.കെ പ്രേമചന്ദ്രനെ പിന്തുണച്ചും രം​ഗത്തെത്തി. എൻകെ പ്രേമചന്ദ്രൻ മോദിക്കൊപ്പം ഭക്ഷണം കഴിച്ചതിൽ എന്താണ് തെറ്റെന്ന് ചോദിച്ച വെള്ളാപ്പള്ളി പിണറായി വിജയൻ മോദിക്ക് കൈ കൊടുത്തിട്ടില്ലേയെന്നും ചോദിച്ചു. 

എന്‍ കെ പ്രേമചന്ദ്രനെ മോശക്കാരനാക്കാൻ ആരൊക്കയോ ശ്രമിക്കുകയാണ്. ഇനിയുള്ള അഞ്ച് കൊല്ലവും മോദി ഇന്ത്യ ഭരിക്കും. കോൺഗ്രസ്സിന് ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. വിഡി സതീശനും സുധാകരനും ഒരുമിച്ചു യാത്ര നടത്തുന്നത് തന്നെ ഒരുമ ഇല്ലാത്തത് കൊണ്ടാണ്. മറ്റെല്ലാ പാർട്ടിയിലും ഒരു നേതാവാണ് മാർച്ച്‌ നയിക്കുന്നത്. രമേശ്‌ ചെന്നിത്തല കോൺഗ്രസിലെ മാന്യനാണ്. ഇപ്പോൾ തലപ്പത്തു ഇരിക്കുന്നവർ തറ പറ പറയുന്നവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും വെള്ളാപ്പള്ളി പ്രതികരിച്ചു. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള വാർത്ത പത്രത്തിൽ വായിച്ചു. തുഷാർ വിജയിക്കുമോ എന്ന് താൻ പറയാനില്ല. അപ്രിയ സത്യങ്ങൾ പറയാതെ ഇരിക്കുന്നതാണ് നല്ലതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. 

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ച വിരുന്നിൽ പങ്കെടുത്തതിന് പ്രേമചന്ദ്രനെതിരെ ഇടതുപക്ഷം രൂക്ഷവിമർശനമുയർത്തിയിരുന്നു. എട്ട് എംപിമാരാണ് പ്രധാനമന്ത്രി വിളിച്ച വിരുന്നിൽ പങ്കെടുത്തത്. കേരളത്തിൽ നിന്ന് എൻ കെ പ്രേമചന്ദ്രനെ മാത്രമാണ് ക്ഷണിച്ചത്. വിരുന്നിൽ രാഷ്ട്രീയമൊന്നും സംസാരിച്ചില്ലെന്നും അനൗപചാരികം മാത്രമായിരുന്നെന്നും പ്രേമചന്ദ്രൻ വിശദീകരിക്കുകയും ചെയ്തു. രാഷ്ട്രീയ ചർച്ചയല്ല നടന്നത്. സൗഹൃദപരമായ ചർച്ചകളാണ് നടന്നത്. പ്രധാനമന്ത്രി വ്യക്തിപരമായ അനുഭവങ്ങളാണ് പങ്കുവച്ചതെന്നും എൻ.കെ, പ്രേമചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.  

അതിനിടെ, പ്രേമചന്ദ്രനെ പിന്തുണച്ച് കോൺ​ഗ്രസും രം​ഗത്തെത്തി. കെ മുരളീധരൻ, കെ സുധാകരൻ, വി ഡി സതീശൻ എന്നിവർ പ്രേമചന്ദ്രനെ ന്യായീകരിച്ചു. അതേസമയം, എൽഡിഎഫ് നേതാക്കൾ രൂക്ഷവിമർശനമാണ് പ്രേമചന്ദ്രനെതിരെ ഉന്നയിച്ചത്. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത പ്രേമചന്ദ്രൻ ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചുവെന്ന് എളമരം കരീം കുറ്റപ്പെടുത്തി. ഇന്ത്യാ സഖ്യത്തിലെ അംഗങ്ങൾ ആരും വിരുന്നില്‍പങ്കെടുത്തില്ല. പ്രധാനമന്ത്രിയുടെ തന്ത്രത്തിൽ പ്രേമചന്ദ്രൻ വീഴുകയായിരുന്നു. പ്രേമചന്ദ്രനെ കൂടെക്കൂട്ടിയതിൽ ചില സംശയങ്ങളുണ്ട്. കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ മറുപടി പറയണം. പ്രേമചന്ദ്രനെ കണ്ടു കൊണ്ടാണോ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രധാനമന്ത്രി പറയുന്നതെന്നും എളമരം കരീം ചോദിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group