Join News @ Iritty Whats App Group

രഘുറാം രാജന്‍ രാഷ്ട്രീയ ഗോദയിലേക്ക്; മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്; ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച്ച നടത്തി


സാമ്പത്തിക വിദഗ്ധനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) മുന്‍ ഗവര്‍ണറുമായ രഘുറാം രാജന്‍ സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി റിപ്പോര്‍ട്ട്.
മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെയും കുടുംബത്തെയും കഴിഞ്ഞ ദിവസം രഘുറാം രാജന്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ അദേഹം രാജ്യസഭയില്‍ എത്തുമെന്നുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോ അതുമല്ലെങ്കില്‍ മഹാരാഷ്ട്ര വികാസ് അഖാഡി പാര്‍ട്ടിയുടെയോ സ്ഥാനാര്‍ഥിയായി രഘുറാം രാജന്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ ഒഴിവുള്ള ആറ് രാജ്യസഭാ സീറ്റുകളിലേക്കു ഫെബ്രുവരി 27-നാണ് തിരഞ്ഞെടുപ്പ് അരങ്ങേറുന്നത്.

കോണ്‍ഗ്രസ്, എന്‍സിപി (ശരദ് പവാര്‍), ശിവസേന (യുബിടി) എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന സഖ്യമാണ് മഹാരാഷ്ട്ര വികാസ് അഖാഡി.

മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രകാശ് ജാവദേക്കര്‍, അനില്‍ ദേശായി, കുമാര്‍ കേത്കര്‍, വി. മുരളീധരന്‍, നാരായണ്‍ റാണെ, വന്ദന ചവാന്‍ എന്നിവരുടെ രാജ്യസഭയിലെ കാലാവധി ഏപ്രില്‍ രണ്ടിന് അവസാനിക്കും. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് 44 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് ഒരാളെ ജയിപ്പിക്കാനാകും.

ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്കും ശരദ് പവാറിന്റെ എന്‍സിപിക്കും അവരുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ അംഗബലമില്ലാത്തതിനാല്‍, മഹാവികാസ് അഘാഡിയുടെ പൊതു സ്ഥാനാര്‍ത്ഥിയായി രഘുറാം രാജനെ മത്സരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസുമായി അടുപ്പം പൂലര്‍ത്തുന്ന രഘുറാം രാജന്‍ പാര്‍ട്ടി അംഗത്വമെടുത്തേക്കുമെന്നും സൂചനയുണ്ട്. 2013-16 കാലത്ത് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരുന്നു രഘുറാം രാജന്‍.

Post a Comment

Previous Post Next Post
Join Our Whats App Group