Join News @ Iritty Whats App Group

അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ഥ്യമായി, മുന്‍ഗണനാപ്പട്ടികയില്‍ അടുത്തത് മഥുരയിലെ കൃഷ്ണജന്മഭൂമി, അതുകഴിഞ്ഞ് കാശി ; ബി.ജെ.പിയുടെ അജന്‍ഡ അടിവരയിട്ട് യോഗി ആദിത്യനാഥ്

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ഥ്യമായെന്നും ബി.ജെ.പിയുടെ മുന്‍ഗണനാപ്പട്ടികയില്‍ അടുത്തത് മഥുരയിലെ കൃഷ്ണജന്മഭൂമിയാണെന്നും സൂചിപ്പിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ആദ്യം അയോധ്യ, ശേഷം കാശി, മഥുര എന്ന ബി.ജെ.പി. അജന്‍ഡ അടിവരയിടുന്നതാണ് യു.പി. നിയമസഭയിലെ ആദിത്യനാഥിന്റെ പരാമര്‍ശങ്ങള്‍. അയോധ്യയില്‍ രാംലല്ല വിഗ്രഹപ്രതിഷ്ഠയില്‍ സന്തോഷിക്കുന്നു. അയോധ്യയിലെ ആഘോഷങ്ങള്‍ക്കു സാക്ഷ്യംവഹിച്ച ''നന്ദി ബാബ'' മുന്നിലെ തടസങ്ങള്‍ രാത്രിയില്‍ തകര്‍ത്തെറിഞ്ഞു. നന്ദിബാബയെപ്പോലെ നമ്മുടെ കൃഷ്ണ കനയ്യയും അചഞ്ചലനാണ്- ആദിത്യനാഥ് നിയമസഭയില്‍ പറഞ്ഞു.

തര്‍ക്കപ്രദേശങ്ങളായ ഗ്യാന്‍വ്യാപിയും മഥുരയും വ്യംഗ്യമായി സൂചിപ്പിച്ചായിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശങ്ങള്‍. യു.പി. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ നന്ദിബാബ ശിവന്റെ വാഹനമായ ഋഷഭമാണ്. വാരാണസി ഗ്യാന്‍വാപി കേസില്‍ ഹിന്ദു വിഭാഗത്തിന് മോസ്‌കിലെ നിലവറയ്ക്കുമുന്നില്‍ പൂജയ്ക്ക് കോടതി അനുമതി നല്‍കിയിരുന്നു.

ഉത്തരവ് പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പുലര്‍ച്ചെ മൂന്നിന് 30 വര്‍ഷത്തിനുശേഷം െഹെന്ദവവിഭാഗം ആരാധന നടത്തി. മോസ്‌കിനു സമീപത്തുതന്നെയുള്ള കാശി വിശ്വനാഥ ക്ഷേത്രത്തിലെ നന്ദി വിഗ്രഹത്തിന് അഭിമുഖമായാണ് പ്രാര്‍ഥന നടന്ന നിലവറ സ്ഥിതിചെയ്യുന്നത്. ഇതാണ് അചഞ്ചലനായ നന്ദിബാബ രാത്രിയില്‍ തടസങ്ങള്‍ തകര്‍ത്തെറിഞ്ഞെന്ന യോഗിയുടെ പരാമര്‍ശനത്തിന് ആധാരമായതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

യു.പി. മുഖ്യമന്ത്രി തുടര്‍ന്നു നടത്തിയ ''കൃഷ്ണ കനയ്യ'' പരാമര്‍ശവും വ്യക്തമായ ബോധ്യത്തോടെയുള്ളതാണെന്നാണു വിലയിരുത്തപ്പെടുന്നത്. 17-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച മഥുരയിലെ ഷാഹി ഈദ്ഗാഹ് ഭഗവാന്‍ കൃഷ്ണന്‍ ജനിച്ച സ്ഥലത്താണെന്ന വാദമുയര്‍ത്തി ഹിന്ദുവിഭാഗം കോടതിയെ സമീപിച്ചിട്ടുണ്ട്. തര്‍ക്കഭൂമിയില്‍ പരിശോധനനടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് അലാഹാബാദ് കോടതി അനുമതി നല്‍കിയത് അടുത്തിടെയാണ്. ആദിത്യനാഥിന്റെ 'കൃഷ്ണ' പരാമര്‍ശം കാശിക്കുശേഷം മഥുരയാണെന്നതിന്റെ വ്യക്തമായ സൂചനയാണ്.

കാശി, മഥുര തര്‍ക്കപരിഹാരം സാധ്യമാകുന്നപക്ഷം ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഹിന്ദുക്കള്‍ മറക്കുമെന്ന് അയോധ്യ ക്ഷേത്ര ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി മഹാരാജ് കഴിഞ്ഞദിവസം വ്യക്തമാക്കിയതിനുപിന്നാലെയാണു ബി.ജെ.പിയിലെ തീപ്പൊരി നേതാവായ യോഗിയുടെ പരാമര്‍ശം.

Post a Comment

Previous Post Next Post
Join Our Whats App Group