Join News @ Iritty Whats App Group

'ഞങ്ങളുമുണ്ട് കൂടെ'; തോളോടുതോൾ ചേർന്ന് ക്ഷേത്രമഹോത്സവം ആഘോഷമാക്കി മാറ്റി മദ്രസ കമ്മിറ്റി, ഇതാണ് കേരളം!


കോഴിക്കോട്: 'ശ്രീ നെല്ലിക്കോട്ട് കാവ് താലപ്പൊലി മഹോത്സവം 2024, ആശംസകളോടെ മുനവ്വിറുല്‍ ഇസ്ലാം മദ്രസ കമ്മിറ്റി'- കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ക്ഷേത്രോത്സവത്തില്‍ നെല്ലിക്കോട്ട് കാവ് ആഘോഷ കമ്മിറ്റി അംഗങ്ങളും നാട്ടുകാരും തെല്ലൊരഭിമാനത്തോടെ നെഞ്ചില്‍ കുത്തിയ ബാഡ്ജിലെ വരികളാണിത്. മീറ്ററുകളുടെ വ്യത്യാസമേ ഈ ക്ഷേത്രവും ഹുദാ മസ്ജിദിന് കീഴിലുള്ള മദ്രസയും തമ്മിലുള്ളൂ. പക്ഷേ വര്‍ഷങ്ങളുടെ സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും ചരിത്രമുണ്ട്. ഫെബ്രുവരി 15,16,17 ദിവസങ്ങളിലായി നടന്ന ഈ വര്‍ഷത്തെ ഉത്‌സവാഘോഷ പരിപാടിയിലാണ് മദ്രസാ കമ്മിറ്റി സാഹോദര്യത്തിന്റെ പുതിയ 'ബാഡ്ജ് ഓഫ് ഓണര്‍' തീര്‍ത്തത്.

രാമനാട്ടുകര - ഫാറൂഖ് കോളേജ് റോഡില്‍ കൊശോരങ്ങാടി എന്ന പ്രദേശത്താണ് നെല്ലിക്കോട്ട് കാവും മുനവ്വിറുല്‍ ഇസ്ലാം മദ്രസയും സ്ഥിതിചെയ്യുന്നത്. ഉത്സവത്തിന് വര്‍ഷങ്ങളായി ബാഡ്ജ് സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രാദേശിക ക്ലബ് ഈ വര്‍ഷം അസൗകര്യം അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കമ്മിറ്റി ഭാരവാഹികളായ ഷിനോദ് ഓട്ടുപാറ, സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മദ്രസ കമ്മിറ്റിയെ ബന്ധപ്പെട്ടത്. ആവശ്യം അറിയിച്ചപ്പോള്‍ തന്നെ ഭാരവാഹികളായ ഉസ്മാന്‍ പാഞ്ചാളയും പി കെ മുഹമ്മദ് കോയയും കമ്മിറ്റി അംഗങ്ങളും പൂര്‍ണ്ണ സമ്മതം അറിയിക്കുകയായിരുന്നു. 

വര്‍ഷങ്ങളായി തുടരുന്ന സഹായ സഹകരണങ്ങള്‍ ഇപ്പോള്‍ പുതിയ രൂപത്തില്‍ തുടരുക മാത്രമാണ് ചെയ്യുന്നതെന്ന് മദ്രസ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു. നബിദിനാഘോഷ റാലി നടക്കുന്ന സമയത്ത് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെയും പ്രദേശത്തെ ഹിന്ദുമത വിശ്വാസികളുടെയും നേതൃത്വത്തില്‍ പായസ, മിഠായി വിതരണം നടത്താറുണ്ട്. പുതിയ സാമൂഹ്യ സാഹചര്യത്തില്‍ മുറുകേ പിടിക്കേണ്ട നിലപാടുകള്‍ എക്കാലവും തുടര്‍ന്നുപോകുമെന്ന് നെല്ലിക്കോട്ട് കാവ് കമ്മിറ്റി ഭാരവാഹികളും പറയുന്നു. ഉത്സവത്തിന്റെ ഭാഗമായി നടത്താറുള്ള അന്നദാനത്തില്‍ മദ്രസ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും സജീവമായി പങ്കെടുക്കാറുണ്ട്. വരും കാലങ്ങളിലും ഈ സാഹോദര്യം കാത്തുസൂക്ഷിക്കുമെന്ന പ്രഖ്യാപനത്തിന് നാട്ടുകാരുടെ ഉറച്ച പിന്തുണയുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group