ദില്ലി: കർഷകരുടെ ദില്ലി മാർച്ചിനെ നേരിടാൻ ഹരിയാന ദില്ലി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഹരിയാനയിലെ ഏഴ് ജില്ലകളിൽ നിരോധനാജ്ഞയും ഇൻർനെറ്റ് നിരോധനവും പ്രഖ്യാപിച്ചു. കർഷകർ ദില്ലിയിലേക്ക് കടക്കുന്നത് തടയാൻ അതിര്‍ത്തികള്‍ അടച്ചു താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്‍നിർത്തി ഇരുനൂറോളം കർഷക സംഘടനകളാണ് ചൊവ്വാഴ്ച സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ട് വർഷം മുന്‍പ് നടന്ന കർഷക സമരത്തിലെ സാഹചര്യം ആവർത്തിക്കാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ഹരിയാന ദില്ലി അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചാബില്‍ നിന്ന് ഹരിയാനയിലേക്ക് കർഷകർ കടക്കാതിരിക്കാൻ അതിർത്തികള്‍ പൊലീസ് ബാരിക്കേഡും കോണ്‍ക്രീറ്റ് ബ്ലോക്കുകളും അടച്ചു. ഹരിയാനയില്‍ നിന്ന് ദില്ലിയിലേക്ക് കടക്കുന്ന ഭാഗങ്ങളിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പതിമൂന്നിനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും നാളെ തന്നെ പഞ്ചാബില്‍ നിന്ന് കർഷകർ ട്രാക്ടർ മാർച്ച് തുടങ്ങിയേക്കും . ഇരുപതിനായിരത്തോളം കർഷകർ രണ്ടായിരം ട്രാക്ടറുകളുമായി ദില്ലിയിലേക്ക് വരുമെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ കർഷകർ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതരവ വിഭാഗം ഉള്‍പ്പെടെയുള്ള ഇരുനൂറോളം കർഷക സംഘടനകളാണ് മാർച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഏഴ് ജില്ലകളിലെ നിരോധനാജ്ഞക്ക് പുറമെ പലയിടങ്ങളിലും ഇൻറർനെറ്റും നിരോധിച്ചിട്ടുണ്ട്. കർഷക സമരത്തിന് കോണ്‍ഗ്രസ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. കർഷക സമരത്തെ നേരിടാൻ അതിര്‍ത്തികളില്‍ ആണികളും കന്പികളും നിരത്തിയതിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി അതിരൂക്ഷ വിമർശനം ഉയർത്തി. കാർഷിക നിയമങ്ങള്‍ പിൻവലിച്ചെങ്കിലും അതിന്‍റെ വിജ്ഞാപനം ഇതുവരെ ഇറങ്ങിയില്ലെന്ന് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.
സമരം പ്രഖ്യാപിച്ച കർഷകരമായുള്ള രണ്ടാം ഘട്ട മന്ത്രിതല ചർച്ച നാളെ വൈകിട്ട് നടക്കും. കൃഷിമന്ത്രി അർജുൻ മുണ്ടെ, പീയുഷ് ഗോയല്‍ , നിത്യാനന്ദ റായ് എന്നിവകരാണ് ചണ്ഡീഗഡില്‍ വച്ച് കർഷകരമായി ചർച്ച നടത്തുന്നത്. എന്നാല്‍ ഒരു വശത്ത് കർഷകരെ അനുനയിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലം മറുവശത്ത് പ്രകോപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കർഷക സംഘടനകള്‍ കുറ്റപ്പെടുത്തി. ലോകസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദില്ലിയിലേക്കുള്ള കർഷക സമരം കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണ്
Post a Comment