ഇരിട്ടി: പ്രതീക്ഷ തെറ്റിച്ചില്ല . പഴശ്ശി മെയിൻ കനാലിലൂടെ പ്രതീക്ഷിച്ചതിലും 90 മണിക്കൂർ മുന്നേ വെള്ളം ലക്ഷ്യ സ്ഥാനത്ത് ഒഴുകിയെത്തി. അഞ്ച് കോടിയിൽ ആരംഭിച്ച് ഇരുന്നൂറു കോടിയിലേറെ ചെലവഴിച്ചിട്ടും ലക്‌ഷ്യം കാണാതെ കിടന്ന പഴശ്ശി ഒടുവിൽ ലക്‌ഷ്യം തൊടുകയായിരുന്നു. കുയിലൂരിലെ പദ്ധതിയിൽ നിന്നും 42.5 കിലോമീറ്റർ എന്ന ലക്ഷ്യത്തിലേക്ക് പ്രതീക്ഷിച്ച സമയത്തിനും 90 മണിക്കൂർ മുന്നേ വെള്ളം ഒഴുകിയെത്തുകയായിരുന്നു. ഇതോടെ 16 വർഷത്തിന് ശേഷം കനാലിന്റെ ശേഷി പരിശോധിക്കാനുള്ള പരീക്ഷണം പൂർണ്ണ വിജയം തൊട്ടു. ഇതോടൊപ്പം മെയിൻ കനാൽ വഴി ചില മേഖലകളിൽ കൈക്കനാലുകൾ വഴി കൃഷിയിടത്തിലേക്കും വെള്ളം എത്തിച്ചു . ഇതോടെ കർഷകരുടെ പ്രതീക്ഷകൾക്കും സഫലത കൈവരിക്കാനായി. ബുധനാഴ്ച രാവിലെ 9.45നായിരുന്നു പദ്ധതിയുടെ ഷട്ടർ തുറന്ന് മെയിൻ കനാലിലൂടെ വെള്ളമൊഴുക്കിയുള്ള പരീക്ഷണത്തിന് തുടക്കമിട്ടത്. ശനിയാഴ്ച ഉച്ചക്ക് 1 മണിയോടെയാണ് ലക്ഷ്യസ്ഥാനമായ പറശ്ശിനിക്കടവ് നീർപ്പാലത്തിലേക്ക് വെള്ളം എത്തിയത്. ഇത് പദ്ധതിയിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ആഹ്ലാദ നിമിഷമായി മാറി. ഈ ആഹ്ലാദ നിമിഷത്തിന് സാക്ഷിയാകൻ ജലസേചന വിഭാഗത്തിലെ ഉന്നത ഉദ്ധ്യോഗസ്ഥരും പാടശേഖര സമിതി അംഗങ്ങളും നാട്ടുകാരും ജനപ്രതിനിധികളുമെല്ലാം എത്തിയിരുന്നു. അവസാനമായി 2008-ൽ ആണ് പദ്ധതിയിൽ നിന്നും മെയിൻ കനാൽ വഴി 42.5 കിലോമീറ്റർ അകലെയുള്ള പറശ്ശിനിക്കടവ് നീർപ്പാലത്തിലേക്ക് വെള്ളം ഒഴുക്കിയത്. അന്ന് ഏഴ് ദിവസം കൊണ്ടാണ് ഇത് സാധ്യമായത്. ഇക്കുറി മൂന്ന് ദിവസം കൊണ്ടാണ് വെള്ളം എത്തിയത്.
നേരത്തെയുള്ള പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് പറശ്ശിനിക്കടവിലേക്ക് ഏഴ് ദിവസം വേണ്ടിവരുമെന്ന് കണക്കാക്കിയിരുന്നത്. 168 മണിക്കൂർ പ്രതീക്ഷിച്ചസ്ഥാനത്ത് 72മണിക്കൂറുക്കൊണ്ട് തന്നെ ലക്ഷ്യം നേടാനായത് പഴശ്ശിയെക്കുറിച്ചുള്ള മുൻധാരണകളെ അസ്ഥാനത്താക്കുന്നതായിരുന്നു. പദ്ധതിയിൽ നിന്നും കനാൽ വഴി മൂന്ന് ഷട്ടറുകളും അഞ്ചു സെന്റീമീറ്റർ ഉയർത്തിയാണ് ഇപ്പോൾ വെളളം ഒഴുക്കുന്നത്. മെയിൻ കനാലിൽ ഒരാഴ്ച്ചയോളം വെളളം നിർത്തി കനാലിന്റെ പൂർണ്ണ ശേഷി പരിശോധിക്കും. കർഷകർക്ക് ആവശ്യമുള്ള മേഖലകളിൽ ഇതോടൊപ്പം വെള്ളം നൽകാനും പദ്ധതിയുണ്ട്. പെരുമാച്ചേരി, തരിയേരി, കുറ്റിയാട്ടൂർ, മയ്യിൽ, നണിയൂർ ഭാഗങ്ങളിലെ പാടശേഖരങ്ങളിലും വെള്ളമെത്താനുള്ള സാധ്യത തെളിഞ്ഞു.
പ്രധാന കനാലിൽ ഒരാഴ്ച്ചയോളം വെളളം കെട്ടി നിർത്തുന്നത് മേഖലയിലെ ഭൂഗർഭ ജലത്തിന്റെ അളവിലും ഗണ്യമായ മാറ്റം വരുത്തും. മേഖലയിലെ നൂറുകണക്കിന് കിണറുകൽ റീച്ചാർജ്ജ് ചെയ്യപ്പെടുന്നത് കൂടിവെള്ള ക്ഷാമത്തിനും പരിഹാരമാകും. വെള്ളത്തിന്റെ ആവശ്യഗത അനുസരിച്ച പദ്ധതയിൽ നിന്നും കനാലിലേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ തോത് ക്രമപ്പെടുത്തും. തുടക്കത്തിൽ കനാലിന്റെ ഷട്ടർ 30 സെന്റീമീറ്റർ ഉയർത്തി വെള്ളം ഒഴുക്കിയിരുന്നു. പിന്നീട് ഇത് തുറച്ചുകൊണ്ടുവന്നാണ് ഇപ്പോൾ അഞ്ചു സെന്റീമീറ്ററിൽ നിർത്തിയിരിക്കുന്നത്.
മെയിൻ കനാലിൽ നിന്നും മാഹി ഉപകനാലിലേക്ക് ഒരാഴ്ച്ചക്ക് ശേഷം മാത്രമെ വെളളം ഒഴുക്കി വിടുകയുള്ളൂ . 23 കിലോമീറ്റർ ഉപകനാലിൽ വളയാൽ മുതൽ പാത്തിപ്പാലം വരെയുള്ള 16 കിലോമീറ്ററിലാണ് ഇക്കുറി ലക്ഷ്യമിട്ടിരിക്കുന്നത്. ഉപകനാൽ വഴി 16 കിലോമീറ്റർ വെള്ളമൊഴുകുമ്പോൾ മേഖലയിലെ രണ്ട് ഗ്രാമപഞ്ചായത്തുകൾക്കും കൂത്തുപറമ്പ് നഗരസഭയിലുള്ളവർക്കും ആശ്വാസമാകും.
Post a Comment