Join News @ Iritty Whats App Group

5 നിലകൾ, ഭാവി മുഖ്യമന്ത്രിക്ക് മുറി, അത്യാധുനിക സൗകര്യങ്ങൾ; ബിജെപി സംസ്ഥാന കാര്യാലയത്തിൽ ഇന്ന് പാലുകാച്ചൽ


തിരുവനന്തപുരം: ബിജെപിയുടെ കേരളത്തിലെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിന് തയ്യാര്‍. മൂന്നര വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ മന്ദിരത്തില്‍ ഇന്നാണ് പാലുകാച്ചല്‍ ചടങ്ങ്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ തീയതി ലഭിച്ച ശേഷമാകും ഔദ്യോഗിക ഉത്ഘാടനം. നേതാക്കള്‍ക്കും ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തുന്ന പ്രവര്‍ത്തകര്‍ക്കും താമസിക്കാനുള്ള സൗകര്യവും തിരുവനന്തപുരത്തെ പുതിയ മന്ദിരത്തിലുണ്ട്.

അറുപതിനായിരം സ്ക്വയര്‍ ഫീറ്റിൽ അഞ്ച് നിലകളിലായാണ് ബിജെപിയുടെ സംസ്ഥാന കാര്യാലയം. ആദ്യ ഫ്ലോറിലാണ് പ്രസിഡന്‍റിന്‍റെ ഓഫീസ്. സംസ്ഥാന അധ്യക്ഷന്‍റെ മുറിയോട് ചേർന്ന് മറ്റൊരു മുറി കൂടിയുണ്ട്. നേരത്തെ തന്നെ ചർച്ചയായ മുറി. ഭാവി മുഖ്യമന്ത്രിക്കായി ഒരു മുറി ഇവിടെ കരുതിവെച്ചിട്ടുണ്ട്. അതായത് ഭാവിയില്‍ കേരളം ഭരിക്കുമെന്നും ഇവിടെയൊരു മുഖ്യമന്ത്രിയുണ്ടാകുമെന്നും അപ്പോള്‍ ബിജെപിയുടെ മുഖ്യമന്ത്രിക്ക് പാർട്ടി ഓഫീസില്‍ ഒരു മുറി വേണമെന്നും ഇപ്പോഴേ കണക്കുകൂട്ടിയാണ് ബിജെപി ഒരു മുറി മാറ്റിവെച്ചത്. 

പ്രസിഡന്‍റിന്‍റെ മുറിയോട് ചേർന്നൊരു ബാൽക്കണിയുണ്ട്. നേതാക്കള്‍ക്ക് താഴെനില്‍ക്കുന്ന അണികളെ കൈവീശി കാണിക്കാന്‍ കഴിയുന്ന വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. വീഡിയോ കോണ്‍ഫ്രന്‍സിനായും പ്രത്യേക മുറി സജ്ജീകരിച്ചിട്ടുണ്ട്. നാല് സംസ്ഥാന ജനറല്‍ സെക്രട്ടറിമാർക്കായി നാല് മുറികളുണ്ട് മൂന്നാം നിലയില്‍. പോഷക സംഘടനകളുടെ സംസ്ഥാന അധ്യക്ഷന്മാർക്കായി കാബിനുകളും സജ്ജീകരിച്ചിട്ടുണ്ട്. താമരയിലകള്‍ കൊത്തിവെച്ചിട്ടുണ്ട് കല്‍ത്തൂണുകളില്‍. ആകെ 15 കല്‍ത്തൂണുകളാണുള്ളത്. രണ്ട് ലക്ഷം ലിറ്റര്‍ കൊള്ളുന്ന മഴവെള്ള സംഭരണിയും സജ്ജീകരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group