Join News @ Iritty Whats App Group

കരിന്തളം വയനാട് 400 കെ വി ലൈൻ വലിക്കൽ നഷ്ടപരിഹാരപ്പാക്കേജ് മന്ത്രിതല ചർച്ചയും ഫലം കണ്ടില്ല


  
ഇരിട്ടി: കാസർക്കോട് കരിന്തളത്തുനിന്നും വയനാട് പയ്യമ്പള്ളിവരെ നീളുന്ന 400 കെ വി ലൈൻ വലിക്കുന്നത് സംബന്ധിച്ച നഷ്ടപരിഹാരപ്പാക്കേജുമായി ബന്ധപ്പെട്ട് നടന്ന മന്ത്രിതല ചർച്ച ഫലം കണ്ടില്ല. സ്ഥലം ഉടമകൾക്ക് നൽകേണ്ട നഷ്ടപരിഹാര പാക്കേജുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിനായി വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികളുമായും കർമ്മ സമതി അംഗങ്ങളുമായി തിരുവനന്തപുരത്ത് മൂന്നാം തവണയും നടന്ന ചർച്ചയാണ് കാര്യമായ പുരോഗതി ഉണ്ടാക്കാൻ കഴിയാതെ പിരിഞ്ഞത്.  
 125 കിലോമീറ്റർ വരുന്ന ലൈൻ കടന്നു പോകുന്ന പ്രദേശങ്ങളിലെ സ്ഥലം നഷ്ടപ്പെടുന്ന കർഷകരുടേയും താമസക്കാരുടേയും ആശങ്കകൾ പരിഹരിക്കുന്നതിന് നഷ്ടപരിഹാര പാക്കേജ് അനുവദിക്കണമെന്നാണ് ആവശ്യം. ലൈൻ കടന്നുപോകുന്ന പ്രദേശങ്ങൾക്ക് ഭൂമിയുടെ ന്യായ വിലയുടെ രണ്ട് ഇരട്ടിയുടെ പതിനഞ്ച് ശതമാനവും ടവർ സ്ഥാപിക്കുന്ന പ്രദേശങ്ങളിൽ ഭൂമിയുടെ ന്യായ വിലയുടെ രണ്ടിരട്ടിയുടെ 85 ശതമാനവും നഷ്ടപരിഹാരം നൽകാമെന്ന മുൻ നിലപാടിൽ തന്നെ കെ എസ് ഇ ബി ഉറച്ചു നിന്നു. ഭൂമിയുടെ മാർക്കറ്റ് വിലയുടെ അടിസ്ഥാനത്തിൽ ന്യായയുക്തമായ നഷ്ടപരിഹാരം നൽകണമെന്ന് എം എൽ എ മാരും സ്ഥലം ഉടമകളുടെ പ്രതിനിധികളും ആവശ്യപ്പെട്ടത്. ടവർ സ്ഥാപിക്കുന്ന സ്ഥലങ്ങളിലും ലൈൻ കടന്നു പോകുന്ന സ്ഥലങ്ങളിലും കൃഷിക്കാർക്കും സ്ഥലം ഉടമകൾക്കും ഉണ്ടാകുന്ന നാശ നഷ്ടം കണക്കിലെടുത്ത് ഇടമൺ - കൊച്ചി മാതൃകയിൽ അനുവദിച്ച നഷ്ട പരിഹാരത്തിൽ കുറഞ്ഞൊന്നും അംഗീകരിക്കില്ലെന്ന് സ്ഥലം ഉടമകളും യോഗത്തിൽ വ്യക്തമാക്കി. ഇതിനാവശ്യമായി വരുന്ന പണം സംസ്ഥാന സർക്കാർ വഹിക്കണമെങ്കിൽ മുഖ്യമന്ത്രിയുടെയും, ധനകാര്യ മന്ത്രിയുടെയും അംഗീകാരം ആവിശ്യമുണ്ടന്ന് വൈദ്യുതി മന്ത്രി യോഗത്തെ അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്നും മന്ത്രി കൃഷ്ണൻകുട്ടി ഉറപ്പു നൽകി. രണ്ടു വർഷമായി ഈ പ്രശ്‌നത്തിൽ ചർച്ചകളും യോഗങ്ങളും തുടരുന്നുവെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ജനപ്രതിനിധികൾ പറഞ്ഞു. ഇടമൺ - കൊച്ചി ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ ന്യായ വിലയുടെ അഞ്ചിരട്ടി വരെ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. ഇക്കാര്യം പോലും ഉറപ്പാക്കാൻ കെ എസ് ഇ ബിക്ക് കഴിഞ്ഞില്ല.
 പ്രത്യേകമായി സ്ഥലം ഏറ്റെടുത്ത് സർക്കാരിന്റെയും സ്വകാര്യ വ്യക്തികളുടേയും ഭൂമികളിലായി 370 ടവറുകളുമാണ് സ്ഥാപിക്കേണ്ടത്. ഭൂമിയുടെ ഉയർച്ചക്കും താഴ്ചക്കും അനുസരിച്ച് 200 മുതൽ 750 മീറ്റർ ദൂരമാണ് രണ്ട് ടവറുകൾ തമ്മിൽ ഉണ്ടാവുക. ലൈനുകൾ കടന്നുപോകുന്ന പ്രദേശങ്ങളിൽ 20 മീറ്ററോളം വീതി വേണം. ഇത്തരം സ്ഥലങ്ങളിൽ ലൈനിന് തട്ടാനോ ലൈനിലേക്ക് മറിഞ്ഞു വീഴാനോ സാധ്യതയുള്ള വൻ മരങ്ങൾ ഉണ്ടാവാനും പാടില്ല. ലൈൻ കടന്നുപോകുന്ന പ്രദേശത്തെ ഭൂമി കെഎസ് ഇ ബി ഏറ്റെടുകുകയുമില്ല . ഭൂമിയുടെ ഉടമാവകാശം സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തിൽ തന്നെ ആയിരിക്കുമെന്നാണ് അധികൃതർ പറയുന്നത്. പ്രത്യേക നഷ്ടപരിഹാര പാക്കേജ് ഇല്ലാതെ കർഷകരുടെ ഭൂമിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ്പ്രദേശിക ഭരണ കൂടങ്ങളും കർമ്മസമതി അംഗങ്ങളും.
   
യോഗത്തിൽ വൈദ്യുതി വകുപ്പ് മന്ത്രിക്ക് പുറമെ എം എൽ എ മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, എം. രാജഗോപാൽ, സി .ഏച്ച്. കുഞ്ഞമ്പു, അഷറഫ്, എൻ. എ. നെല്ലിക്കുന്ന് എന്നിവരും കെ എസ് ഇ ബി മാനേജിഗ് ഡയരക്ടർ ഡോ. രാജൻ ഖോബ്രഗഡെ , ട്രാൻസ്മിഷൻ, സിസ്റ്റം ഓപ്പറേഷൻ ആൻഡ് പ്ലാനിങ് ഡയറക്ടർ സജി പൗലോസ്, ചീഫ് എഞ്ചിനിയർ ആർ. രാജേഷ് , ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർമാരായ വി. സുരേഷ്, റഷിദ്, എക്‌സികുട്ടീവ് എഞ്ചിനിയർ കൃഷ്‌ണേന്ദു, സ്ഥല ഉടമകളുടെ പ്രതിനിധിയായി ബെന്നി പുതിയാപറമ്പിൽ, ജെയിംസ് നെല്ലിമൂട്ടിൽ എന്നിവരുമാണ് യോഗത്തിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group