Join News @ Iritty Whats App Group

ഇന്നും നാളെയും താപനില ഉയരും; നാല് ജില്ലകളിൽ ജാഗ്രതാ നിര്‍ദേശം, കണ്ണൂരില്‍ 38 ഡിഗ്രി വരെ

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും നാല് ജിലകളില്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം ജില്ലയിൽ 37°C വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 3 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരെെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

സംസ്ഥാനത്ത് ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.

കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല. അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group