Join News @ Iritty Whats App Group

ഷാൻ വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി 13 ന് പരി​ഗണിക്കും


ആലപ്പുഴ: എസ്ഡിപിഐ നേതാവായിരുന്ന അഡ്വ. കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി 13 ന് പരി​ഗണിക്കും. കുറ്റപത്രം മടക്കണമെന്ന പ്രതിഭാഗം ആവശ്യത്തിൽ വാദം തുടരുമെന്നും കോടതി അറിയിച്ചു. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി മൂന്ന് ആണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷൻ വാദം കേട്ടശേഷമായിരിക്കും തീരുമാനം. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ചുമതല ഉള്ളത് ഐജിക്ക് മാത്രമാണെന്നും ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല മാത്രമാണുള്ളതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. 

ബിജെപി-ആർഎസ്എസ് പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ. കൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന കെവി ബെന്നിയാണ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ സ്റ്റേഷൻ ഹൗസ് ഓഫീസറാണ് കുറ്റപത്രം സമർപ്പിക്കേണ്ടതെന്നും അതിനാല്‍ കുറ്റപത്രം മടക്കണം എന്നും വാദം ഉന്നയിച്ച് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സര്‍ക്കാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ തന്നെയാണ് കുറ്റപത്രം നല്‍കിയതെന്നും അതിനാല്‍ ഹർജി നിലനില്‍ക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. 2021 ഡിസംബർ 18 ന് രാത്രിയാണ് ഷാൻ കൊല്ലപ്പെട്ടത്. കൊല നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബിജെപി ഒബിസി മോർച്ചാ നേതാവ് അഡ്വ രൺജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഈ കേസില്‍ 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group