Join News @ Iritty Whats App Group

യുവതിയെ സംശയം; മൂന്ന് പൂട്ടുകളിട്ട് മുറിയില്‍ പൂട്ടിയിട്ടത് 12 വര്‍ഷം; രക്ഷപ്പെടുത്തി പൊലീസ്; ഭര്‍ത്താവ് അറസ്റ്റില്‍



ബംഗളൂരു: സംശയത്തെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് വീട്ടില്‍ പൂട്ടിയിട്ടത് പന്ത്രണ്ട് വര്‍ഷം. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലെത്തിയ പൊലീസ് യുവതിയെ രക്ഷപ്പെടുത്തുകയും ഭര്‍ത്താവ് സന്നലയ്യയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മൈസുരുവിലെ ഹിരേഗെ ഗ്രാമത്തിലാണ് സംഭവം. 

ഭാര്യ സുമയെയാണ് പന്ത്രണ്ട് വര്‍ഷമായി ഇയാള്‍ വീട്ടുതടങ്കലില്‍ ആക്കിയത്. ഇയാളുടെ മൂന്നാമത്തെ ഭാര്യയാണ് സുമയെന്ന് പൊലീസ് പറഞ്ഞു. വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ചയില്‍ തന്നെ യുവതിയെ ഇയാള്‍ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ടിരുന്നതായും ഇയാളുടെ പീഡനം സഹിക്കവയ്യാതെ ആദ്യ രണ്ടുഭാര്യമാരും ഇയാളെ ഉപേക്ഷിച്ച്‌ പോയതായും പൊലീസ് പറഞ്ഞു. മൂന്ന് പൂട്ടുകളിട്ട് വാതില്‍ പൂട്ടിയ ഭര്‍ത്താവ് ആരോടും സംസാരിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. 

വീടിന് പുറത്തുള്ള ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ പോലും ഇയാള്‍ യുവതിയെ സമ്മതിച്ചില്ല. ഇതിനായി മുറിക്കുള്ളില്‍ ഒരു ബക്കറ്റ് വെച്ചു. ദുരവസ്ഥ മനസിലാക്കിയ യുവതിയുടെ ബന്ധു വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. 

തുടര്‍ന്ന് എഎസ്‌ഐ സുബാന്‍, അഭിഭാഷകന്‍, സാമുഹിക പ്രവര്‍ത്തക എന്നിവരടങ്ങിയ സംഘം വീട്ടിലെത്തി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. മുറിയില്‍ നിന്ന് പുറത്തിറങ്ങാനോ, ആരെങ്കിലുമായി സംസാരിക്കുകയോ ചെയ്താല്‍ ഉപദ്രവിക്കുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയിരുന്നു. ഭര്‍ത്താവ് തന്നെ പൂട്ടിയിട്ടതായും മക്കളോട് സംസാരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ലെന്ന് സുമ പറഞ്ഞു. ഒരു കാരണവുമില്ലാതെ തന്നെ നിരന്തരമായി മര്‍ദിക്കും. ഗ്രാമത്തിലെ എല്ലാവര്‍ക്കും അയാളെ പേടിയാണെന്നും സുമ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group