Join News @ Iritty Whats App Group

കിടപ്പാടം പോലും ജപ്തി ചെയ്യപ്പെട്ടേക്കാം, 10 വർഷം വരെ ജയിൽ ശിക്ഷ, കനത്ത പിഴ; എംവിഡിയുടെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതും അതുമൂലം ഉണ്ടാകുന്ന അപകടങ്ങളും വർധിക്കുകയാണെന്ന് എംവിഡി. സമീപകാല കണക്കുകൾ ഞെട്ടിക്കുന്നതാണ് എന്നാണ് എംവിഡി പറയുന്നത്. മോട്ടോർ വാഹന നിയമത്തിലും ഇന്ത്യൻ ശിക്ഷാ നിയമത്തിലും വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ച് തെല്ലെങ്കിലും അറിവുള്ളവർ ഒരു കാരണവശാലും ഇത്തരം പ്രവർത്തികൾക്ക് കൂട്ടുനിൽക്കില്ല, അത്രയ്ക്കും കഠിനമായ ശിക്ഷകളുമാണ് നിയമഭേദഗതിയിൽ ഈ കുറ്റത്തിന് വന്നിട്ടുള്ളത്.

മോട്ടോർ വാഹന നിയമം 2019-ൽ ഭേദഗതി വരുത്തിയപ്പോൾ ഏറ്റവും കർക്കശമായ ശിക്ഷാവിധികൾ ഉൾക്കൊള്ളിച്ചിട്ടുള്ളതാണ്, ജുവനൈയിൽ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട വകുപ്പ് 199 (A).ഇതിൻ പ്രകാരം 30000 രൂപ വരെ പിഴയും വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കുകയും ഉടമസ്ഥന്റെ ലൈസൻസിനെതിരെ നടപടി വരികയും ചെയ്യുക മാത്രമല്ല രക്ഷിതാക്കൾ മൂന്നുവർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും.

അങ്ങനെ വാഹനമോടിക്കുന്നതിന് ശിക്ഷിക്കപ്പെടുന്ന കുട്ടിക്ക് 25 വയസ് പൂർത്തിയാല്‍ മാത്രമേ ലൈസൻസ് അനുവദിക്കുകയും ഉള്ളൂ. ജുവനൈയിൽ ജസ്റ്റിസ് ആക്ട് പ്രകാരം ഉള്ള നടപടികൾ വേറെയും വന്നേക്കാം. ഇത്തരം അപകടങ്ങളിൽ മറ്റുള്ളവർ കൊല്ലപ്പെട്ടാൽ ഏഴ് വർഷം മുതൽ 10 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കുമെന്ന് മാത്രമല്ല ഇൻഷുറൻസ് നഷ്ടപരിഹാരമായി അതി ഭീമമായ തുക അടക്കേണ്ടിയും വരും. സ്വന്തം കിടപ്പാടം പോലും ജപ്തി ചെയ്യപ്പെട്ടേക്കാം. ക്ഷണികമായ സന്തോഷത്തിനും സൗകര്യത്തിനും സ്വന്തം കുട്ടി വാഹനം ഓടിക്കുമെന്നുള്ള അഭിമാനത്തിനും വേണ്ടി അറിഞ്ഞോ അറിയാതെയോ അനുവദിക്കുന്ന ഈ പ്രവർത്തി അവന്‍റെ ഭാവി തന്നെ നശിപ്പിക്കുമെന്നും എംവിഡി അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group