Join News @ Iritty Whats App Group

പ്രവാസികള്‍ ശ്രദ്ധിക്കുക! വിദേശ ഇന്ത്യക്കാര്‍ക്ക് ആധാർ എടുക്കാനും തിരുത്താനുമുള്ള നിബന്ധനകളിൽ മാറ്റം വരുത്തി


ന്യൂഡല്‍ഹി: വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആധാര്‍ എടുക്കുന്നതിനും വിവരങ്ങളില്‍ മാറ്റം വരുത്തുന്നതിനുമുള്ള നിബന്ധനകളില്‍ മാറ്റം. കഴിഞ്ഞയാഴ്ചയാണ് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഇതിനുള്ള ചട്ടങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. ഇതോടെ പ്രവാസികള്‍ക്ക് ആധാർ എടുക്കാന്‍ ഇനി പ്രത്യേക ഫോറങ്ങളാണ് ഉപയോഗിക്കേണ്ടത്.

സാധുതയുള്ള ഇന്ത്യന്‍ പാസ്‍പോര്‍ട്ടുള്ള എല്ലാ വിദേശ ഇന്ത്യക്കാരും ആധാറിന് അര്‍ഹരാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഇതില്‍ വ്യത്യാസമൊന്നുമില്ല. ഏത് ആധാര്‍ എണ്‍റോൾമെന്റ് സെന്ററില്‍ നിന്നും പ്രവാസികള്‍ക്ക് ആധാര്‍ എടുക്കാം. എന്നാല്‍ സാധുതയുള്ള ഇന്ത്യന്‍ പാസ്‍പോര്‍ട്ട് മാത്രമാണ് ആധാര്‍ എടുക്കാന്‍ പ്രവാസികളില്‍ നിന്ന് സ്വീകരിക്കുന്ന ഒരേയൊരു തിരിച്ചറിയല്‍ രേഖ. 2023 ഒക്ടോബര്‍ ഒന്നിന് ശേഷം ജനിച്ചവ വിദേശ ഇന്ത്യക്കാരും അല്ലാത്തവരും ജനന സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.

വിദേശ ഇന്ത്യക്കാര്‍ ആധാര്‍ എടുക്കുമ്പോള്‍ ഇ-മെയിൽ വിലാസം നല്‍കണം. വിദേശ ഫോണ്‍ നമ്പറുകളിലേക്ക് ആധാര്‍ സേവനങ്ങളുടെ എസ്.എം.എസുകള്‍ ലഭിക്കില്ല. ഇതോടൊപ്പം ആധാര്‍ എണ്‍റോള്‍മെന്റിനും മറ്റ് സേവനങ്ങള്‍ക്കുമായി വിവിധ പ്രായക്കാര്‍ക്ക് ഉപയോഗിക്കേണ്ട ഫോറങ്ങളുടെ വിവരങ്ങളും യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി പുറത്തിറക്കി. അവ ഇപ്രകാരമാണ്.

ഫോം 1 - 18 വയസിന് മുകളിൽ പ്രായമുള്ളവരും ഇന്ത്യയിൽ വിലാസമുള്ളവരുമായ സ്വദേശികളും വിദേശ ഇന്ത്യക്കാരും ആധാര്‍ എണ്‍റോൾമെന്റിനും തിരുത്തലുകള്‍ക്കും ഉപയോഗിക്കേണ്ടത്.

ഫോം 2 - വിദേശത്തെ വിലാസം നല്‍കുന്ന, 18 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികള്‍ ആധാര്‍ എണ്‍റോൾമെന്റിനും തിരുത്തലുകള്‍ക്കും ഉപയോഗിക്കേണ്ടത്.

ഫോം 3 - അഞ്ച് വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ളവരും ഇന്ത്യയിൽ വിലാസമുള്ളവരുമായ സ്വദേശികളും വിദേശ ഇന്ത്യക്കാരും ആധാര്‍ എണ്‍റോൾമെന്റിനും തിരുത്തലുകള്‍ക്കും ഉപയോഗിക്കേണ്ടത്.

ഫോം 4 - ഇന്ത്യയ്ക്ക് പുറത്തം വിലാസം നല്‍കുന്ന, അഞ്ച് വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള പ്രവാസികളായ കുട്ടികള്‍ക്ക്

ഫോം 5 - അഞ്ച് വയസിന് താഴെ പ്രായമുള്ളവരും ഇന്ത്യയിൽ വിലാസമുള്ളവരുമായ സ്വദേശികളും വിദേശ ഇന്ത്യക്കാരും ആധാര്‍ എണ്‍റോൾമെന്റിനും തിരുത്തലുകള്‍ക്കും ഉപയോഗിക്കേണ്ടത്.

ഫോം 6 - ഇന്ത്യയ്ക്ക് പുറത്തം വിലാസം നല്‍കുന്ന അഞ്ച് വയസില്‍ താഴെ പ്രായമുള്ള പ്രവാസികളായ കുട്ടികള്‍ക്ക്.

ഫോം 7 - 18 വയസിന് മുകളില്‍ പ്രായമുള്ളവരും വിദേശ പാസ്‍പോര്‍ട്ടുള്ള ഇന്ത്യയിൽ സ്ഥിരമായി താമസിക്കുന്നവരുമായ ആളുകള്‍. ഇവർ വിദേശ പാസ്‍പോര്‍ട്ട്, ഒസിഐ കാര്‍ഡ്, സാധുതയുള്ള ദീര്‍ഘകാല വിസ, ഇന്ത്യന്‍ വിസ, ഇ-മെയിൽ വിലാസം എന്നിവ നല്‍കണം.

ഫോം 8 - 18 വയസിൽ താഴെയുള്ള ഇന്ത്യയിൽ സ്ഥിരമായി താമസിക്കുന്ന വിദേശികള്‍ക്ക്

Post a Comment

Previous Post Next Post
Join Our Whats App Group