തളിപ്പറമ്പ്: പള്ളിയിലേക്ക് പോവുകയായിരുന്ന കന്യാസ്ത്രീ ബസിടിച്ച് മരിച്ചു. പൂവം സെന്റ് മേരീസ് കോണ്‍വന്റിലെ മദർ സുപ്പീരിയറും സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയുമായ സിസ്റ്റര്‍ സൗമ്യ (55) എഫ്എസ്എംഎയാണ് മരിച്ചത്. ഇന്ന് രാവിലെ 6.30 തോടെ മറ്റൊരു കോണ്‍വന്റിന് സമീപമുള്ള ലിറ്റില്‍ ഫ്ലവർ പള്ളിയിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ ആലക്കോടുനിന്നും തളിപ്പറമ്പിലേക്ക് പോകുന്ന സെന്റ് മേരീസ് ബസ് ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചു വീണ സിസ്റ്റർ സൗമ്യയുടെ ദേഹത്തുകൂടി ബസിന്റെ മുൻ വശത്തെ ടയറുകൾ കയറിയിറങ്ങി. ഉടൻ തളിപ്പറന്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. മൂന്നുമാസം മുമ്പാണ് തൃശൂര്‍ മാള സ്വദേശിനിയായ സിസ്റ്റര്‍ സൗമ്യ ഇവിടെ ചുമതലയേറ്റത്. വാഴപ്പിള്ളി ആന്റണി-മറിയം ദന്പതികളുടെ മകളാണ്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3.30 ന് പൂവം ലിറ്റിൽ ഫ്ലവർ പള്ളിയിൽ കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതലയുടെ കാർമികത്വത്തിൽ നടക്കും.
Post a Comment