ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയില്‍ നിന്നും കുടിയറിക്കപ്പെട്ട 32 കുടുംബങ്ങളില്‍ അവശേഷിക്കുന്ന 14 കുടുംബങ്ങളുടെ പുനരധിവാസം യാഥാര്‍ഥ്യമാക്കണമെന്ന് താലൂക്ക് വികസനസമിതിയോഗത്തില്‍ ആവശ്യം.
ഫാമില്‍ ജനിച്ചു വളര്‍ന്ന് മൂന്നും നാലും ഏക്കര്‍ ഭൂമിയുടെ അവകാശികളായി അതില്‍ നിന്നും ആദായം എടുത്ത് ജീവിക്കുന്ന കുടുംബങ്ങളെയാണ് കുടിയിറക്കിയത്. ഇവര്‍ക്ക് വീട് വയ്ക്കാൻ ഭൂമിയും വീടും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതില്‍ 18 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഭൂമിയും വീടും ലഭിച്ചത്.
അവശേഷിക്കുന്ന കുടുംബങ്ങള്‍ കൈയില്‍ കിട്ടിയ പട്ടയവുമായി ഭൂമിയില്ലാതെ കഴിയുകയാണ്. ഇവര്‍ നേരത്തെ താമസിച്ചിരുന്ന ലയം കഴിഞ്ഞ ദിവസം പൊളിച്ചു നീക്കി. ഇത് ദ്രോഹ നടപടിയാണെന്ന് പ്രശ്‌നം യോഗത്തില്‍ ഉന്നയിച്ച മുസ്‌ലിം ലീഗ് പ്രതിനിധി ഇബ്രാഹിം മുണ്ടേരി പറഞ്ഞു. യോഗത്തില്‍ അധ്യക്ഷത വഹിച്ച ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. വേലായുധനും അധികൃതരുടെ അനാസ്ഥയെ വിമര്‍ശിച്ചു. പടിയൂരിലെ ഗോപികുമാര്‍ എസ്‌റ്റേറ്റിലും നിടിയോടിയിലും ഭൂമിയുണ്ടെങ്കിലും അവിടെ കുടിയിറക്കപ്പെട്ടവര്‍ക്ക് താമസിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചിരിക്കുകയാണെന്ന് തഹസില്‍ദാര്‍ സി.വി പ്രകാശൻ യോഗത്തില്‍ പറഞ്ഞു.
കീഴൂര്‍ വില്ലേജില്‍ ഇവര്‍ക്കായി കണ്ടെത്തിയ സ്ഥലം കേസിലായതിനാല്‍ കോടതിയില്‍ നിന്നും അനുകൂലമായ നടപടിയുണ്ടായാല്‍ ഉടൻ പതിച്ചു നല്കുമെന്നും തഹസില്‍ദാര്‍ പറഞ്ഞു.
വീര്‍പ്പാട് ടൗണില്‍ ജനവാസ ഭൂമി റവന്യു ഭൂമിയായി കണക്കാക്കി സര്‍വേക്കല്ല് പതിപ്പിച്ച സംഭവത്തില്‍ സ്ഥലം ഉടമകള്‍ക്ക് സ്ഥലത്തിന്‍റെ സ്കെച്ചു നികുതി രസീതും സഹിതം സബ് കളക്ടര്‍ക്ക് അപേക്ഷ നല്‍കി. പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാമെന്ന് തഹസില്‍ദാര്‍ യോഗത്തെ അറിയിച്ചു. റീസര്‍വേയില്‍ നികുതിയില്ലാ ഭൂമിയായി രേഖപ്പെടുത്തിയത് കൊണ്ട് ഉണ്ടായ പ്രശ്‌നമാണെന്നും കേരളാ കോണ്‍ഗ്രസ് അംഗം മാത്തുക്കുട്ടി പന്തപ്ലാക്കലിന്‍റെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു ചെടിക്കുളം കൊട്ടാരത്തെ കുടുംബങ്ങള്‍ക്ക് അനുവദിച്ച പട്ടയം ഉപാധി രഹിതമാക്കണമെന്ന ആവശ്യത്തില്‍ റവന്യു വകുപ്പിന്‍റെ നടപടിക്കെതിരേയും കടുത്ത വിമര്‍ശനം ഉയര്‍ന്നു.
മന്ത്രി ഉപാധി രഹിത പട്ടയമാണ് നല്‍കുന്നതെന്ന് പ്രഖ്യാപിച്ചിട്ടും ഉപാധിയോട് കൂടിയ പട്ടയമാണ് നല്‍കിയത്. ഇത് മാറ്റികിട്ടുന്നതിന് വീണ്ടും അപേക്ഷയും മറ്റു കൊടുക്കേണ്ടി വരുന്നത് അവരോട് കാണിക്കുന്ന അടുത്ത അനീതിയാണെന്ന് അഭിപ്രായമുയര്‍ന്നു. പഴശി ജസസംഭരണി മലിനമാക്കുന്നത് സംബന്ധിച്ച് തോമസ് വര്‍ഗീസും അയ്യൻകുന്നിലെ കടുവ ഭീഷണി സംബന്ധിച്ച് തോമസ് തയ്യിലും യോഗത്തില്‍ ഉന്നയിച്ചു. ഇരിട്ടി നഗരത്തില്‍ കെഎസ്ടിപി റോഡിലെ തെരുവുവിളക്കുകള്‍ ഏറ്റെടുക്കാമെന്ന നഗരസഭയുടെ നിര്‍ദേശം അംഗീകരിച്ചതായി കെഎസ്ടിപി എൻജിനിയര്‍ യോഗത്തെ അറിയിച്ചു. പായം ബാബുരാജ്, ഭൂരേഖാ തഹസില്‍ദാര്‍ എം. ലക്ഷ്മണൻ എന്നിവരും സംസാരിച്ചു.
Post a Comment